മസ്കറ്റ്: വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കടുത്ത നടപടികളുമായി ഒമാൻ. വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരവും സൗജന്യ താമസ സൗകര്യവും ഉറപ്പാക്കണം. ലഗേജ് വൈകിയാൽ 680 ഒമാനി റിയാൽവരെ നഷ്ടപരിഹാരം നല്‍കണമെന്നും വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചു.
ഒമാനിൽനിന്നുള്ള വിമാനയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ നിർദേശങ്ങൾ. വിമാനം രണ്ട് മണിക്കൂർ വൈകിയാൽ ലഘുഭക്ഷണവും പാനീയങ്ങളും നൽകണം. ഇല്ലെങ്കിൽ നഷ്ടപരിഹാരം ഉറപ്പാക്കണം. മൂന്ന് മണിക്കൂർ വൈകിയാൽ ഭക്ഷണം നൽകണം. ആറ് മണിക്കൂറിലധികം വൈകിയാൽ സൗജന്യ ഹോട്ടൽ താമസവും എയർപോർട്ടിൽനിന്നുമുള്ള മറ്റു യാത്രാ സൗകര്യങ്ങളും നൽകണം. ഇല്ലെങ്കിൽ യാത്രക്കാരന് നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. ആറ് മണിക്കൂറിലേറെ വൈകുന്ന വിമാനങ്ങളെ റദ്ദാക്കിയതിന് തുല്യമായി കണക്കാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. യാത്രാ സമയത്തിന് 14 ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കിയാൽ ദൂരമനുസരിച്ച് 108 റിയാൽ മുതൽ 260 റിയാൽവരെ നഷ്ടപരിഹാരത്തിന് യാത്രക്കാരന് അർഹതയുണ്ട്. ലഗേജ് വൈകിയാലും നഷ്ടപരിഹാരം നല്‍കണം. ലഗേജ് വൈകുന്ന ആദ്യ ദിവസത്തിന് 78 റിയാലും, അടിയന്തര ചെലവുകൾക്ക് പരമാവധി 680 ഒമാനി റിയാൽവരെയും അവകാശപ്പെടാം. 21 ദിവസത്തിനകം ലഗേജ് ലഭിച്ചില്ലെങ്കിൽ അത് നഷ്ടപ്പെട്ടതായി കണക്കാക്കും. ഓവർബുക്കിങ് മൂലം യാത്ര തടഞ്ഞാൽ പകരം വിമാനവും, യാത്ര നിരസിക്കുന്ന പക്ഷം ടിക്കറ്റ് തുകയും ഇതിന് തുല്യമായ നഷ്ടപരിഹാരവും നൽകണമെന്നും അതോറിറ്റി വ്യക്തമാക്കി.
യാത്രക്കാരുടെ പരാതികളിൽ 15 പ്രവൃത്തിദിവസത്തിനുള്ളിൽ എയർലൈനുകൾ മറുപടി നൽകണം. അല്ലാത്തപക്ഷം യാത്രക്കാർക്ക് സിവിൽ ഏവിയേഷൻ അതോറിറ്റിയെ സമീപിക്കാം. മോശം കാലാവസ്ഥ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സാമ്പത്തിക നഷ്ടപരിഹാരത്തിൽ ഇളവുണ്ടെങ്കിലും, യാത്രക്കാർക്ക് മൂന്നുദിവസംവരെ താമസവും ഭക്ഷണവും നൽകാൻ എയർലൈനുകൾ ബാധ്യസ്ഥരാണെന്നും സി.എ.എ. അറിയിച്ചു. ഒമാനിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്കും ഒമാനി എയർലൈനുകൾക്കും ഈ പുതിയ ചട്ടം നിർബന്ധമാണ്. എന്നാൽ വിദേശത്തുനിന്ന് ഒമാനിലേക്ക് വരുന്ന മറ്റു രാജ്യങ്ങളുടെ എയർലൈനുകൾക്ക് അവ പുറപ്പെടുന്ന രാജ്യത്തെ നിയമങ്ങളാണ് പ്രാഥമികമായി ബാധകമാകുക. കൂടാതെ, യാത്രക്കാരന് ഒരിടത്തുനിന്ന് ആനുകൂല്യം ലഭിച്ചാൽ അതേ കാര്യത്തിന് വീണ്ടും നഷ്ടപരിഹാരം അവകാശപ്പെടാനാകില്ലെന്നും അതോറിറ്റി വിശദീകരിച്ചു.
Published: 02 Sept 2026, 09:12 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented