തമിഴ്നാട്: കനത്ത മഴയെ തുടര്‍ന്ന് തിരുവണ്ണാമലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഏഴ് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി.. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശക്തമായ മഴയെത്തുടര്‍ന്ന് രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം വലിയ പ്രതിസന്ധി നേരിട്ടിരുന്നു. 

To advertise here,

ഏകദേശം 200-ഓളം വരുന്ന രക്ഷാപ്രവര്‍ത്തകര്‍ യന്ത്രസഹായമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. പിന്നീട് യന്ത്രങ്ങള്‍ കൊണ്ടുവരികയും വലിയ പാറക്കല്ലുകള്‍ പൊട്ടിച്ച് അടര്‍ത്തിമാറ്റുകയുമായിരുന്നു. ഇതോടെ തിരച്ചില്‍ വേഗത്തിലായി. 

ഒരു കുടുംബത്തിലെ ഏഴുപേരാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. കൂറ്റന്‍ പാറയും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് പതിച്ചിരുന്നു. കുന്നിടിഞ്ഞ് കൂറ്റന്‍ പാറക്കല്ലുകള്‍ രണ്ട് വീടുകള്‍ക്ക് മുകളിലായാണ് വീണത്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് കനത്ത മഴയാണ് പ്രദേശത്ത് പെയ്തത്.