ലേ (ലഡാക്ക്): കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാനപദവി നൽകുക, പ്രദേശത്തെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തലസ്ഥാനമായ ‘ലേ’യിൽ നടത്തുന്ന സമരത്തിൽ സമരനേതാവ് സോനം വാങ്ചുകിനെ കുറ്റപ്പെടുത്തി കേന്ദ്ര സർക്കാർ. വാങ്ചുക്കിന്‍റെ പ്രകോപനപരമായ സംസാരമാണ് ആൾക്കൂട്ടം അക്രമാസക്തമാകാൻ കാരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു. 

To advertise here,

നിരാഹാര സമരം പിൻവലിക്കാൻ നിരവധി നേതാക്കൾ ആവശ്യപ്പെട്ടിട്ടും വാങ്ചുക് കേട്ടില്ല. അറബ് വസന്തത്തിന്റെ ശൈലിയിലുള്ള പ്രതിഷേധത്തെക്കുറിച്ചും നേപ്പാളിലെ ജെൻ സീ പ്രതിഷേധങ്ങളെക്കുറിച്ചും പ്രകോനപരമായ പരാമർശങ്ങൾ നടത്തി ജനങ്ങളെ വാങ്ചുക് തെറ്റിദ്ധരിപ്പിച്ചു, കേന്ദ്ര ആഭ്യന്തരമന്ത്രാലയം എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു. 

സംഘർഷത്തിനുപിന്നിൽ കോൺഗ്രസ് ആണെന്ന് ബിജെപിയും ആരോപിച്ചിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കൗൺസിലർ പി.എസ്. സെപാഗിനെതിരേ കേസെടുത്തു. സെപാഗ് കൈയിൽ ആയുധവുമായി നൽക്കുന്ന ചിത്രവും എൻഡിടിവി പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, ബിജെപിയുടെ ആരോപണങ്ങളെ വാങ്ചുക്ക് തള്ളി. കോൺഗ്രസിന് ഇതിൽ യാതൊരു സ്വാധീനവുമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ അനുയായികളിൽ രണ്ടുപേർ പരിക്കേറ്റ് ആശുപത്രിയിൽ ആയതിനാൽ അവരെ സന്ദർശിക്കാൻ കൗൺസിലർ എത്തിയിരുന്നുവെന്ന് വാങ്ചുക് വ്യക്തമാക്കി. അയ്യായിരത്തിലേറെ യുവാക്കളെ തെരുവിലിറക്കുന്നത്ര സ്വാധീനം കോൺഗ്രസിന് പ്രദേശത്ത് ഇല്ലെന്ന് വാങ്ചുക് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവെപ്പിൽ നാലുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പോലീകാരുൾപ്പെടെ 45 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാനപദവി നൽകുക, പ്രദേശത്തെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തലസ്ഥാനമായ ‘ലേ’യിൽ പ്രതിഷേധം നടക്കുന്നത്.

സെക്രട്ടേറിയറ്റായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം. കെട്ടിടത്തിന്റെ പരിസര ഭാഗങ്ങളിൽ പ്രതിഷേധക്കാർ തീയിട്ടു. പൂർണമായും കത്തിക്കാനായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പോലീസ് വെടിവെപ്പിലാണ് നാലുപേർക്ക് ജീവൻ നഷ്ടമായതെന്ന് സമരക്കാർ ആരോപിച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരിസ്ഥിതിപ്രവർത്തകൻ സോനം വാങ്ചുക് തുടങ്ങിയ നിരാഹാരസമരം ബുധനാഴ്ച നിർത്തിവെച്ചു. പ്രകടനത്തിനിടെ ഒരു വിഭാഗം യുവാക്കൾ പോലീസിനുനേരേ കല്ലെറിയുകയും ബിജെപി ഓഫീസിന് തീയിടുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളാകുകയായിരുന്നു.