ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂർ തന്റെ പാർട്ടിയുടെ സ്ത്രീവിരുദ്ധ നിലപാട് പരോക്ഷമായി സമ്മതിച്ചുവെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രംഗത്ത്. പാർലമെന്റിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ ബിജെപി ആക്രമണം ശക്തമാക്കുന്നതിനിടെയാണ് വെളിപ്പെടുത്തൽ. അടുത്തിടെ നടന്ന പാർലമെന്റ് സമ്മേളനത്തിന് ശേഷം തങ്ങൾ തമ്മിൽ നടന്ന സ്വകാര്യ സംഭാഷണത്തിലാണ് തരൂർ ഇക്കാര്യം പറഞ്ഞതെന്ന് റിജിജു അവകാശപ്പെടുന്നു.

To advertise here,

'കോൺഗ്രസ് പാർട്ടി ഒരു പക്ഷേ സ്ത്രീവിരുദ്ധമായിരിക്കാം, പക്ഷേ, ഒരു സ്ത്രീയും ശശി തരൂരിനെ സ്ത്രീവിരുദ്ധനായി കണക്കാക്കില്ല' എന്ന് തരൂർ പറഞ്ഞതായി റിജിജു വെളിപ്പെടുത്തി. ഇതിലൂടെ കോൺഗ്രസിന് സ്ത്രീവിരുദ്ധ നിലപാടാണുള്ളതെന്ന് തരൂർ ഒരു തരത്തിൽ അംഗീകരിക്കുകയായിരുന്നുവെന്നും മന്ത്രി ആരോപിച്ചു.

സ്ത്രീകളുടെ അവകാശങ്ങൾ തടഞ്ഞുവെന്ന് ആരോപിച്ച് കോൺഗ്രസിനെതിരെ ബിജെപി കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. ഭരണഘടനാ ഭേദഗതിയിലൂടെ (131-ാം ഭേദഗതി) വനിതാ സംവരണം നടപ്പിലാക്കാൻ ലോക്സഭാ സീറ്റുകൾ 543-ൽ നിന്ന് 816-ലേക്ക് വർദ്ധിപ്പിക്കാനുള്ള നീക്കത്തെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ എതിർത്തിരുന്നു. സീറ്റുകൾ വർദ്ധിപ്പിക്കുന്നത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നും ജനസംഖ്യാ നിയന്ത്രണം മികച്ച രീതിയിൽ നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം.

ബിൽ പരാജയപ്പെട്ടതിലൂടെ കോൺഗ്രസ് സ്ത്രീവിരുദ്ധമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിച്ച പ്രതിപക്ഷത്തിന് രാജ്യത്തെ സ്ത്രീകൾ അർഹമായ മറുപടി നൽകുമെന്ന് കിരൺ റിജിജു വ്യക്തമാക്കി. മണ്ഡല പുനർനിർണ്ണയത്തിന് ശേഷം 2029-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം നടപ്പിലാക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ബിൽ പാസായില്ല. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് ശശി തരൂരിനെ ഉദ്ധരിച്ചുകൊണ്ടുള്ള കിരൺ റിജിജുവിന്റെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നത്.