ന്യൂഡൽഹി: പാർലമെന്റിലെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചർച്ചയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി കിരൺ റിജിജു. ഭരണഘടനാപരമായ സ്ഥാനങ്ങൾ വഹിക്കുന്നവർ പെരുമാറ്റത്തിലും രൂപത്തിലും മര്യാദ പുലർത്തണമെന്നും ടീ-ഷർട്ടുകൾ ഉചിതമായി തോന്നുന്നില്ലെന്നും രാഹുൽ ഗാന്ധിയെ ബന്ധപ്പെടുത്തി കിരൺ റിജിജു പറഞ്ഞു. ടൈംസ് നെറ്റ് വർക്ക് ഗ്രൂപ്പിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പാർലമെന്റിലെ വസ്ത്രധാരണരീതിയെ കുറിച്ച് റിജിജു സംസാരിച്ചത്.

To advertise here,

“അദ്ദേഹം നിയമങ്ങളും മര്യാദകളും പാലിക്കുന്നില്ല. പ്രതിപക്ഷ നേതാവാകുമ്പോൾ ഒരു നിശ്ചിത രീതിയിൽ പെരുമാറണം. മാന്യമായ വസ്ത്രധാരണവും ഒരുപക്ഷേ അതിൻ്റെ ഭാഗമാണ്,” റിജിജു പറഞ്ഞു. മുൻ ലോക്സഭാ സ്പീക്കറും മുൻനിര നേതാവുമായ സോമനാഥ് ചാറ്റർജിയെയും സ്പീക്കറായപ്പോൾ വസ്ത്രധാരണത്തിൽ അദ്ദേഹം വരുത്തിയ മാറ്റത്തെയും റിജിജു ഓർമിച്ചു. "അദ്ദേഹം അയഞ്ഞ ഷർട്ടുകളും ചെരിപ്പുകളും ധരിച്ചാണ് പാർലമെന്റിൽ വന്നിരുന്നത്. എന്നാൽ സ്പീക്കറായപ്പോൾ, അദ്ദേഹം വളരെ മാന്യമായി വസ്ത്രം ധരിച്ചു. ആ മാറ്റത്തോടെ അദ്ദേഹം ആ കസേരയ്ക്ക് അനുയോജ്യനായി മാറി,” റിജിജു പറഞ്ഞു.

“അതുപോലെ, പ്രതിപക്ഷത്തെ നയിക്കുന്ന പ്രതിപക്ഷ നേതാവ്, പാർലമെന്റിൽ ആ സ്ഥാനത്തിൻ്റെ പ്രതിച്ഛായക്ക് അനുയോജ്യമായ രീതിയിൽ പെരുമാറണം. വ്യക്തിയെ ഞാൻ ബഹുമാനിച്ചില്ലെങ്കിലും, ആ കസേരയെ ഞാൻ ബഹുമാനിക്കണം. അതുകൊണ്ടാണ് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മെച്ചപ്പെട്ട വസ്ത്രധാരണരീതി ഉൾപ്പെടെ മികച്ച രീതിയിൽ പെരുമാറിയിരുന്നെങ്കിൽ എന്ന് പലരും അഭിപ്രായപ്പെട്ടത്,” കേന്ദ്രമന്ത്രിരാഹുലിനെ പരിഹസിച്ച് പറഞ്ഞു.

ടീ-ഷർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു വ്യക്തി എന്തു ധരിക്കണം എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തിപരമായ നിർദ്ദേശങ്ങളില്ലെന്ന് റിജിജു വ്യക്തമാക്കി. "സാധാരണയായി ടീ-ഷർട്ട് സാധാരണവസ്ത്രമായി കണക്കാക്കപ്പെടുന്നു. നിങ്ങൾ കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുമ്പോൾ, നിങ്ങൾ സ്വകാര്യനിമിഷങ്ങളിൽ ആയിരിക്കുമ്പോൾ അത് ധരിക്കുന്നു, എന്നാൽ ഒരു ഔപചാരിക യോഗത്തിൽ നിങ്ങൾ ഒരു സാധാരണ ടീ-ഷർട്ട് ധരിക്കില്ല. അത് ഉചിതമായി തോന്നുന്നില്ല," കേന്ദ്രമന്ത്രി പറഞ്ഞു.

പ്രതിപക്ഷനേതാവ് എന്ന റോളിന് രാഹുലിന് പക്വതയില്ലെന്നും, പ്രിയങ്ക ഗാന്ധി അനുയോജ്യയായിരിക്കുമെന്നും റിജിജു അഭിപ്രായപ്പെട്ടു.