ന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് പള്ളിഭരണം ഏറ്റെടുക്കാന്‍ കോടതിയലക്ഷ്യ ഹര്‍ജികളില്‍ ഹൈക്കോടതി ഉത്തരവിടുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. 

To advertise here,

മുന്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു, പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് തുടങ്ങി ഒരു ഡസണില്‍ അധികം ഉദ്യോഗസ്ഥരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ ഉള്‍പ്പെട്ട എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണം ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കേരളാ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. 

ഓര്‍ത്തോഡോക്‌സ് പക്ഷം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചാണ് ഈ ഉത്തരവ് ഹൈക്കോടതി പുറത്ത് ഇറക്കിയത്. എന്നാല്‍, കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിച്ച് ഇത്തരമൊരു ഉത്തരവ് നല്‍കാന്‍ ഹൈക്കോടതികള്‍ക്ക് അധികാരമില്ലെന്ന് സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ.ശശി ഫയല്‍ ചെയ്ത ഉദ്യോഗസ്ഥരുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജിയില്‍ പള്ളികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഓര്‍ത്തോഡോക്‌സ് പക്ഷം ഉന്നയിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

മുന്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണു, പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഐ.ജി. സെന്‍ട്രല്‍ സോണ്‍ നീരജ് കുമാര്‍ ഗുപ്ത, എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്. കെ.ഉമേഷ് കുമാര്‍, എറണാകുളം റൂറല്‍ എസ്.പി വിവേക് കുമാര്‍, പാലക്കാട് കളക്ടര്‍ എസ്. ചിത്ര, പാലക്കാട് എസ്.പി. ആര്‍.ആനന്ദ് തുടങ്ങി ഡസനോളം ഉദ്യോഗസ്ഥരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

തര്‍ക്കത്തില്‍ ഉള്ള പള്ളികള്‍ ഏറ്റെടുക്കാന്‍ ഓര്‍ത്തോഡോക്‌സ് സഭയ്ക്ക് ആവശ്യത്തിന് പോലീസ് സുരക്ഷ നല്‍കണമെന്ന ഉത്തരവ് തങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും അതിനാല്‍ കോടതിയലക്ഷ്യ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നുമാണ് ഹര്‍ജിയില്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.