ന്യൂഡല്‍ഹി: ഇടുക്കിയില്‍ കേന്ദ്രീയ വിദ്യാലയം അനുവദിച്ച് കേന്ദ്രം. രാജ്യത്താകെ 85 കേന്ദ്രീയ വിദ്യാലയങ്ങളും 28 നവോദയവിദ്യാലയങ്ങളും തുടങ്ങുന്നതിന്റെ ഭാഗമായാണിത്. 8232 കോടി രൂപയുടേതാണ് പദ്ധതി.

To advertise here,

കേന്ദ്രീയ വിദ്യാലയങ്ങളില്‍ 82,560 കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കും. 5872 കോടിയുടെ പദ്ധതിയില്‍ 5388 പുതിയ സ്ഥിരം തസ്തികകളും രൂപപ്പെടും. 2360 കോടിയുടെ നവോദയ പദ്ധതി പ്രകാരം 15,680 ഗ്രാമീണ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം ലഭിക്കുക. 1316 പുതിയ തസ്തികകളും സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതല്‍ കെ.വി. അനുവദിച്ചത്-13. മധ്യപ്രദേശ്-11, രാജസ്ഥാന്‍-9, ആന്ധ്രപ്രദേശ്-8, ഒഡിഷ-8 ഉത്തര്‍പ്രദേശ്-5 എന്നിങ്ങനെയും അനുവദിച്ചു. അരുണാചലില്‍ എട്ടും അസമില്‍ ആറും നവോദയ വിദ്യാലയങ്ങളും അനുവദിച്ചതില്‍പ്പെടുന്നു. ഇടുക്കിയിലെ കേന്ദ്രീയ വിദ്യാലയം വേഗത്തില്‍ താല്‍ക്കാലിക സംവിധാനത്തില്‍ പ്രവര്‍ത്തനക്ഷമമാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വിദ്യാലയങ്ങളെല്ലാം പി.എം. ശ്രീ സ്‌കൂള്‍ എന്നാവും അറിയപ്പെടുക. ഡല്‍ഹി മെട്രോയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായ റിത്താല- നരേല- കുണ്ട്ലി കോറിഡോറിനും മന്ത്രിസഭ അംഗീകാരം നല്‍കി.