ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതോടെ തിരിച്ചുവരവിനുള്ള നീക്കങ്ങളുമായി എഎപി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഇതിന്റെ ഭാഗമായി ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ ആം ആദ്മി പാർട്ടി ജനകീയ റാലി സംഘടിപ്പിക്കുമെന്ന് പാർട്ടി അറിയിച്ചു. ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും കേസിലെ പ്രതിയുമായിരുന്ന മനീഷ് സിസോദിയ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ മെഗാ റാലിയിൽ പങ്കെടുക്കുമെന്നാണ് വിവരം.

To advertise here,

ബിജെപിക്കെതിരെയുള്ള ഒരു യുദ്ധപ്രഖ്യാപനമായിട്ടാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന റാലിയെ പാർട്ടി കണക്കാക്കുന്നത്. കുറ്റവിമുക്തനാക്കപ്പെട്ട വിധി വന്നതിന് പിന്നാലെ ‘ഡൽഹിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോയെന്ന്’ കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വെല്ലുവിളിച്ചത് ഡൽഹി രാഷ്ട്രീയത്തിൽ ചർച്ചയായിരുന്നു. തിരിച്ചുവരവിനുള്ള കോപ്പുകൂട്ടുന്ന കെജ് രിവാളിന്റെ തുടർനീക്കങ്ങൾ എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി റൗസ് അവന്യൂ കോടതി വെള്ളിയാഴ്ചയാണ് കുറ്റവിമുക്തരാക്കിയത്. മദ്യനയവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതിനോ കുറ്റം ചെയ്തതിനോ യാതൊരുവിധ തെളിവുകളുമില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. അന്വേഷണം നടത്തിയ സിബിഐയ്ക്കെതിരെ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്.

2021 നവംബറിൽ ഡൽഹി സർക്കാർ നടപ്പിലാക്കിയ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് 1000 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു കെജ്‌രിവാളിനെതിരെയുള്ള പ്രധാന ആരോപണം. മദ്യക്കമ്പനികൾക്ക് ഇളവുകൾ നൽകിയതിലൂടെ ലഭിച്ച കമ്മീഷൻ തുക ആം ആദ്മി പാർട്ടി ഉപയോഗിച്ചുവെന്ന ആരോപണങ്ങളും അക്കാലത്ത് ഉയർന്നിരുന്നു.

കഴിഞ്ഞ ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കെതിരെ ബിജെപി രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചത് ഈ കേസായിരുന്നു. അരവിന്ദ് കെജ്‌രിവാൾ നേരിട്ട് പണം വാങ്ങിയെന്നും മനീഷ് സിസോദിയ ഇതിന് ഇടനിലക്കാരനായി നിന്നുവെന്നുമായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. കേസിനെത്തുടർന്നുണ്ടായ വിവാദങ്ങൾ ആം ആദ്മി പാർട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയിരുന്നു.