
ന്യൂഡൽഹി: ആംആദ്മി പാർട്ടി എംഎൽഎയായ അനിൽ ഝായെ അദ്ദേഹത്തിന്റെ മോശം വസ്ത്രധാരണത്തിന്റെ പേരിൽ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. പൊതുവിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് ജനങ്ങളുടെ അപേക്ഷകളിൽ ഒപ്പിടുന്ന അനിൽ ഝായുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സ്ത്രീകളുടെ സാന്നിധ്യത്തിൽപ്പോലും എംഎൽഎ ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചത് അങ്ങേയറ്റം അപമാനകരമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാരിയിൽ നിന്നുള്ള ആപ് എംഎൽഎയാണ് അനിൽ ഝാ. ഡൽഹി സർക്കാരിന്റെ സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയുടെ അപേക്ഷാ ഫോമുകളിൽ ഒപ്പിട്ടു നൽകുന്നതിനിടയിലാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഝാ ബനിയനും ഷോർട്‌സും ധരിച്ച്, മടിയിൽ ഒരു കുങ്കുമ വസ്ത്രം വിരിച്ച്, കസേരയിൽ കാലുകൾ രണ്ടും കയറ്റിവെച്ച് ഇരിക്കുന്നതാണ് വീഡിയോയിൽ കാണാനാവുക.
നിരവധി സ്ത്രീകൾ ഉൾപ്പെടെയുള്ള ആളുകൾ തന്റെ മേശയ്ക്ക് മുന്നിൽ ക്യൂ നിൽക്കുമ്പോൾ ഝാ വായിച്ചുപോലും നോക്കാതെ മുന്നിലെ പേപ്പറുകളിൽ ഒപ്പിട്ടുവിടുന്നത് വീഡിയോയിൽ ദൃശ്യമാണ്. എംഎൽഎയുടെ ആക്ഷേപകരമായ വസ്ത്രധാരണത്തെ പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി രേഖാ ഗുപ്ത നിയമസഭയിൽ അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുകയും ഝായുടെ പ്രവൃത്തിയെ ലജ്ജാകരം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
'നിങ്ങളുടെ പെരുമാറ്റം ലജ്ജാകരമാണ്. സ്ത്രീകളടക്കം പേപ്പറുകൾ ഒപ്പിടാനായി നിങ്ങളുടെ അടുത്ത് വരുമ്പോൾ എങ്കിലും നിങ്ങൾ മാന്യമായി വസ്ത്രം ധരിക്കേണ്ടതുണ്ട്.' മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് മുന്നിലുള്ള ഇത്തരം പെരുമാറ്റത്തിന്റെ പേരിൽ ഝായുടെ നിയമസഭാ അംഗത്വം റദ്ദാക്കണമെന്നും രേഖാ ഗുപ്ത ആവശ്യപ്പെട്ടു.
'ഒരു എംഎൽഎയുടെ ഭാഗത്തുനിന്നും ഉണ്ടായ ഇത്തരം മാന്യതയില്ലാത്ത പെരുമാറ്റം വെച്ചുപൊറുപ്പിക്കാനാവില്ല. അദ്ദേഹത്തിന്റെ നിയമസഭാ അംഗത്വം റദ്ദാക്കണം.' എഎപി എംഎൽഎമാരുടെ പ്രതിഷേധങ്ങൾക്കിടയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനത്തിനിടയിലും അനിൽ ഝാ അശ്ലീലമായ ആംഗ്യങ്ങൾ കാണിച്ചതായി ആരോപിച്ച രേഖാ ഗുപ്ത അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, എഎപി എംഎൽഎ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ നിഷേധിക്കുകയും താൻ അത്തരം ആംഗ്യങ്ങൾ കാണിച്ചതിന് വീഡിയോ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 'ഞാൻ എന്തെങ്കിലും തെറ്റായ ആംഗ്യങ്ങൾ കാണിക്കുന്നതിന്റെ വീഡിയോ അവർ കാണിക്കട്ടെ. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് അവരുടെ പക്കൽ മറുപടിയില്ല, അതുകൊണ്ടാണ് അവർ ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത്.' ഝാ പിന്നീട് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച ഡൽഹി ലക്ഷ്മി യോജന, അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ്. ഡൽഹി സർക്കാരിന്റെ കണക്കനുസരിച്ച്, പദ്ധതി തുടങ്ങി ഏഴ് ദിവസത്തിനകം 5.14 ലക്ഷത്തിലധികം രജിസ്‌ട്രേഷനുകൾ നടന്നിട്ടുണ്ട്. ഇതിൽ 2.18 ലക്ഷത്തിലധികം അപേക്ഷകൾ ഇതിനോടകം സമർപ്പിക്കപ്പെട്ടു കഴിഞ്ഞു.
സാമ്പത്തിക സഹായം നൽകാനും സമ്പാദ്യം പ്രോത്സാഹിപ്പിക്കാനുമുള്ള ഈ സംരംഭത്തിലുള്ള സ്ത്രീകളുടെ വിശ്വാസമാണ് ഇത്രയധികം രജിസ്‌ട്രേഷനുകളിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത വിശേഷിപ്പിച്ചു. എന്നാൽ ഈ പദ്ധതിക്കായി സർക്കാർ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത എഎപി, ഇത് നിരവധി പാവപ്പെട്ട സ്ത്രീകളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നുണ്ടെന്ന് ആരോപിച്ചു.
Content Highlights: Delhi CM Rekha Gupta slammed AAP MLA Anil Jha Vats for appearing in a viral video in undergarments while signing papers. Rekha Gupta demanded the cancellation of Vats's Assembly membership for indecent behavior in front of women. The controversy arose amidst discussions surrounding the Delhi Lakshmi Yojana financial aid scheme.
Published: 11 Aug 2026, 10:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented