ന്യൂഡൽഹി: ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി അതിഷിയെ  തിരഞ്ഞെടുത്തു.  ഞായറാഴ്ച ചേർന്ന ആം ആദ്മി പാർട്ടി എംഎൽഎമാരുടെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളും അതിഷി ഉൾപ്പെടെ പാർട്ടിയുടെ 22 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവാകുന്ന ആദ്യ വനിതയാണ് അതിഷി.

To advertise here,

ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം ഫെബ്രുവരി 24 തിങ്കളാഴ്ച ആരംഭിക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ, മുൻ എഎപി സർക്കാരിനെതിരായുള്ള സിഎജി റിപ്പോർട്ടുകൾ സഭയിൽ അവതരിപ്പിക്കുമെന്ന് ഭരണകക്ഷിയായ ബിജെപി അറിയിച്ചിരുന്നു. അതിനാൽ തന്നെ ആദ്യ സമ്മേളനം വാദപ്രതിവാദങ്ങളിൽ മുഖരിതമായേക്കും.

നീണ്ട 27 വർഷങ്ങൾക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് വീണ്ടും ബിജെപി അധികാരത്തിലെത്തുന്നത്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവർക്ക് ശേഷം രാജ്യതലസ്ഥാനത്തിന്റെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖാ ഗുപ്ത കഴിഞ്ഞ ദിവസം അധികാരമേറ്റിരുന്നു.