മൈസൂരു: കോളേജ് ഹോസ്റ്റലുകളിൽ വൃത്തിഹീനമായ ഭക്ഷണം വിതരണംചെയ്ത സംഭവത്തിൽ നടപടി സ്വീകരിച്ച് കർണാടക സർക്കാർ. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്ത 'ഗ്ലോബൽ എജ്യൂക്കേഷൻ കൺസൾട്ടൻസി'യുടെ മെസ്സും കോമൺ കിച്ചണും ആരോഗ്യവകുപ്പ് പൂട്ടിച്ചു. സ്ഥാപനത്തിന്റെ ലൈസൻസും റദ്ദാക്കി. വൃത്തിഹീനമായ അടുക്കളയുടെയും മെസ്സിന്റെയും ദൃശ്യങ്ങൾ വിദ്യാർഥികൾതന്നെ പുറത്തുവിടുകയും ഇത് മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. ഇതോടെയാണ് കർണാടക ആരോഗ്യവകുപ്പ് കർശന നടപടി സ്വീകരിച്ചത്.
വാർത്ത പുറത്തുവന്നതിന് പിന്നാലെ മൈസൂരുവിലെ മെസ്സിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് സ്ഥാപനം പൂട്ടാൻ നോട്ടീസ് നൽകിയത്. വിദ്യാർഥികൾക്ക് ഭക്ഷണം ലഭ്യമാക്കാൻ പകരം സംവിധാനവും സർക്കാർ ഏർപ്പാടാക്കിയിട്ടുണ്ട്.
മലയാളി വിദ്യാർഥികൾ പഠിക്കുന്ന മൈസൂരു നഗരത്തിലെ ഏഴോളം കോളേജ് ഹോസ്റ്റലുകളിലേക്കാണ് ഗ്ലോബൽ കൺസൾട്ടൻസിയുടെ മെസ്സിൽനിന്ന് ഭക്ഷണം പാകംചെയ്ത് വിതരണംചെയ്തിരുന്നത്. ചോറിൽ പാറ്റയും ചപ്പാത്തിയിൽ പ്ലാസ്റ്റിക്കും കോഴിക്കറിയിൽ കോഴിത്തൂവലും ചോരയും ഉൾപ്പെടെ കിട്ടിയതോടെയാണ് വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് വിദ്യാർഥികൾ തന്നെ ഭക്ഷണമുണ്ടാക്കുന്ന അടുക്കളയിലെത്തി പരിശോധിച്ചതോടെയാണ് തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് കണ്ടെത്തിയത്. അടുക്കളയിൽ സൂക്ഷിച്ച ഭക്ഷണസാധനങ്ങൾക്കിടയിൽ എലികളെയടക്കമാണ് കണ്ടത്. ഫ്രീസറിൽ ഇറച്ചിയുടെ ചോര തളംകെട്ടി നിൽക്കുന്നതും ചെളിവെള്ളം ഉപയോഗിച്ച് പാത്രങ്ങളും മറ്റും കഴുകുന്നതും കണ്ടെത്തി. തുടർന്ന് ഈ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് നടപടിയുണ്ടായത്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി.യും കർണാടക ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
Content Highlights: Karnataka government shut down Global Education Consultancy mess in Mysuru., Health department revoked the license due to severe hygiene violations., Evidence included rats, plastic in food, and unsanitary cooking conditions., Alternative food arrangements were provided for affected students., Investigation triggered by student-led video evidence and media reports.
Published: 02 May 2026, 06:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented