ബെംഗളൂരു: കന്നഡ സംസാരിക്കാത്തതിനെ ചോദ്യം ചെയ്ത വിദ്യാര്‍ഥിക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ. വിധാന്‍ സൗധയില്‍ ബുധനാഴ്ച നടന്ന ഓണ്‍ലൈന്‍ മീറ്റിനിടെയാണ് സംഭവം. പ്രീഡിഗ്രി കോളേജ് വിദ്യാര്‍ഥികള്‍ക്ക് നീറ്റ്, സി.ഇ.ടി. കോച്ചിങ്, ഓണ്‍ലൈനില്‍ സൗജന്യമായി നല്‍കുന്നത് സംബന്ധിച്ച് സംസാരിക്കവേയാണ് വിദ്യാര്‍ഥിയുടെ ചോദ്യമുയര്‍ന്നത്. ഇതില്‍ പ്രകോപിതനായ മന്ത്രി വിദ്യാര്‍ഥിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. സംസ്ഥാനത്തെ ബി.ജെ.പി. നേതൃത്വം മന്ത്രിയുടെ പെരുമാറ്റത്തില്‍ അപലപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

To advertise here,

വിദ്യാര്‍ഥികളുമായി ഓണ്‍ലൈനില്‍ സംവദിച്ചുകൊണ്ടിരിക്കുകയായിരുന്നു മന്ത്രി. ഇതിനിടെ വെര്‍ച്വല്‍ മീറ്റില്‍ പങ്കെടുത്ത ഒരു കുട്ടി മന്ത്രി കന്നഡ സംസാരിക്കാത്തത് സംബന്ധിച്ച് ചോദ്യമുയര്‍ത്തി. ഇതോടെ പ്രകോപിതനായ മന്ത്രി ആരാണ് അത് പറഞ്ഞത് എന്നുതുടങ്ങി പ്രകോപിതനായി. 'ഞാന്‍ പിന്നെ ഉര്‍ദുവിലാണോ സംസാരിക്കുന്നത്? എനിക്ക് കന്നഡ അറിയില്ലെന്ന് ആരാണ് പറഞ്ഞത്? അത് റെക്കോഡ് ചെയ്യുക. അവര്‍ക്കെതിരേ നടപടിയെടുക്കുക. ഇത് വളരെ ഗൗരവമായി കാണേണ്ടതുണ്ട്. ഞാന്‍ മിണ്ടാതിരിക്കില്ല' -മന്ത്രി കയര്‍ത്തു. 

തുടര്‍ന്ന് വിഷയം ഉപേക്ഷിക്കരുതെന്ന് ബംഗാരപ്പ പ്രിന്‍സിപ്പല്‍ സെക്രട്ടറി റിതേഷ് കുമാറിന് നിര്‍ദേശം നല്‍കി. വിദ്യാര്‍ഥിയെ വിദ്യാഭ്യാസവകുപ്പ് അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.