ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേരു നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ. ഹുബ്ബള്ളി ധര്‍വാഡ് (ഈസ്റ്റ്) മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രസാദ് അബ്ബയ്യയാണ് ഈ ആവശ്യം നിയമസഭയില്‍ ഉന്നയിച്ചത്. ഇതോടെ ബി.ജെ.പി. അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

To advertise here,

സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ പേര് മാറ്റാന്‍ സര്‍ക്കാര്‍, കേന്ദ്രത്തിന് ശുപാര്‍ശ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ആയിരുന്നു പ്രസാദ് നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതോടെ കുപിതരായ ബി.ജെ.പി. അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് പ്രതിഷേധിക്കാന്‍ ആരംഭിച്ചു. ഇത് പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ചൂടേറിയ വാഗ്വാദത്തിനും വഴിവെച്ചു.

അതേസമയം, സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങള്‍ പ്രമുഖ വ്യക്തിത്വങ്ങളുടെ പേരില്‍ പുനര്‍നാമകരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്ന പ്രമേയം കര്‍ണാടക നിയമസഭ ഏകകണ്ഠമായി പാസാക്കി. ഹുബ്ബള്ളി വിമാനത്താവളം ക്രാന്തിവീര സംഗൊല്ലി രായണ്ണയുടെയും ബെലഗാവി വിമാനത്താവളം കിട്ടൂര്‍ റാണി ചെന്നമ്മയുടെയും ശിവമോഗ വിമാനത്താവളം രാഷ്ട്രകവി ഡോ. കെ.വി. പുട്ടപ്പയുടെയും വിജയപുര വിമാനത്താവളം ശ്രീ ജഗദ്‌ജ്യോതി ബസവേശ്വരയുടെയും പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. 

ഇതാദ്യമായല്ല, ടിപ്പു സുല്‍ത്താന്റെ പേര് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി. ഏറ്റുമുട്ടലിന് കാരണമാകുന്നത്. 2016-ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ ടിപ്പു സുല്‍ത്താന്റെ ജന്മദിമായ നവംബര്‍ 10 ടിപ്പു ജയന്തിയായി ആചരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, 2019-ല്‍ ബി.ജെ.പി. അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഇത് റദ്ദാക്കി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയിലും ടിപ്പു സുല്‍ത്താന്റെ പേര് പലവിധത്തില്‍ രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടിരുന്നു.