ബെംഗളൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ, മുഖ്യമന്ത്രിപദം പങ്കുവെക്കുമെന്ന വാഗ്ദാനം പാലിക്കണമെന്ന് പാർട്ടി ഹൈക്കമാൻഡിനോട് ആവശ്യപ്പെടാനായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അനുകൂലിക്കുന്ന ഒരു വിഭാഗം എംഎൽഎമാർ ന്യൂഡൽഹിയിലേക്ക് തിരിച്ചതിനു പിന്നാലെ കർണാടക മുഖ്യമന്ത്രിയെ മാറ്റുന്നതിനെക്കുറിച്ച് ഒരു ചർച്ചയും നടക്കുന്നില്ലെന്ന് വ്യക്തമാക്കി കോൺഗ്രസിലെ ഉന്നത വൃത്തങ്ങൾ. താൻ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും ബജറ്റുകൾ താൻ തന്നെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
നേതൃമാറ്റത്തെക്കുറിച്ച് മാധ്യമങ്ങൾ എന്തിനാണ് ആവർത്തിച്ച് സംശയങ്ങൾ ഉന്നയിക്കുന്നതെന്നും പ്രതികരിച്ച സിദ്ധരാമയ്യ തന്നെ മാറ്റുന്നതിനെക്കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് ഒന്നും പറഞ്ഞിട്ടില്ലെന്നും ഓർമ്മിപ്പിച്ചു. നേതൃത്വത്തെക്കുറിച്ചോ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചോ ഉള്ള ഏത് തീരുമാനവും ഹൈക്കമാൻഡ് മാത്രമേ എടുക്കൂ എന്നും അദ്ദേഹം ആവർത്തിച്ചു. അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വെള്ളിയാഴ്ച ബെംഗളൂരുവിലേക്ക് മടങ്ങിയെത്തുമെന്നും രാത്രി തങ്ങുമെന്നുമാണ് സൂചന. ഈ സംഭവവികാസങ്ങൾക്കിടെ വെള്ളി, ശനി ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന മൈസൂരു, ചാമരാജനഗർ എന്നിവിടങ്ങളിലെ രണ്ട് ദിവസത്തെ പര്യടനം റദ്ദാക്കി സിദ്ധരാമയ്യ പെട്ടെന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്നതായും റിപ്പോർട്ടുണ്ട്.
തുടക്കം മുതലേ തന്റെ സ്ഥാനം ശക്തമായിരുന്നുവെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും വ്യാഴാഴ്ച ചാമരാജനഗറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത സിദ്ധരാമയ്യ ആവർത്തിച്ചു. അഞ്ച് വർഷം മുഖ്യമന്ത്രിയായി തുടരുമോ എന്ന് ചോദിച്ചപ്പോൾ സിദ്ധരാമയ്യ അതിനെ അനാവശ്യമായ ചർച്ച എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. "രണ്ടര വർഷത്തിന് ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കാമെന്ന് പറഞ്ഞതിന് ശേഷമാണ് മുഖ്യമന്ത്രിയെ മാറ്റുന്ന വിഷയം മുന്നോട്ട് വന്നത്. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് പാർട്ടി നേതാക്കൾ തീരുമാനമെടുക്കണം. ആകെ 34 മന്ത്രിസ്ഥാനങ്ങളുണ്ട്, അതിൽ രണ്ട് സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന മന്ത്രിസ്ഥാനങ്ങൾ മന്ത്രിസഭാ പുനഃസംഘടനയുടെ സമയത്ത് നികത്തും," അദ്ദേഹം പറഞ്ഞു.
നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ തന്റെ സർക്കാരിന്റെ രണ്ടര വർഷത്തെ നേട്ടങ്ങൾ സിദ്ധരാമയ്യ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ജനകേന്ദ്രീകൃത ഭരണത്തിന് ഊന്നൽ നൽകുന്നതായും കർണാടകയുടെ പുരോഗതി മാത്രമാണ് തന്റെ മുൻഗണനയെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. സാമൂഹിക നീതി, ശാക്തീകരണം, പ്രതിരോധശേഷിയുള്ള, പുരോഗമനപരമായ കർണാടക കെട്ടിപ്പടുക്കൽ എന്നിവയ്ക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരതയോടും ആത്മാർഥതയോടും ഓരോ കന്നഡിഗനിലും അചഞ്ചലമായ ശ്രദ്ധയോടും തങ്ങളുടെ പ്രവർത്തനം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിവകുമാർ പക്ഷത്തുനിന്നുള്ള ഒരു മന്ത്രി ഉൾപ്പെടെ പത്തിലധികം നിയമസഭാംഗങ്ങൾ വ്യാഴാഴ്ചയാണ് ഡൽഹിയിലേക്ക് പോയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അധികാരത്തിൽ രണ്ടര വർഷം പൂർത്തിയാക്കിയതിന് തൊട്ടടുത്ത ദിവസമാണ് ശിവകുമാർ അനുകൂലികളുടെ ഈ നീക്കം. വ്യാഴാഴ്ച ഡൽഹിയിലെത്തിയവരിൽ മന്ത്രി എൻ. ചലുവരായസ്വാമി, എംഎൽഎമാരായ ഇഖ്ബാൽ ഹുസൈൻ, എച്ച്.സി. ബാലകൃഷ്ണ, എസ്.ആർ. ശ്രീനിവാസ് എന്നിവർ ഉൾപ്പെടുന്നു. നേരത്തെ ചൊവ്വാഴ്ച, എംഎൽഎമാരായ രവി ഗനിഗ, ഗുബ്ബി വാസു, ദിനേഷ് ഗൂളിഗൗഡ തുടങ്ങിയവർ പാർട്ടി നേതൃത്വവുമായി വിഷയം സംസാരിക്കാൻ ഡൽഹിയിലെത്തിയിരുന്നു. വെള്ളിയാഴ്ച എംഎൽഎമാരായ അനേകൽ ശിവണ്ണ, നെലമംഗല ശ്രീനിവാസ്, കുനിഗൽ രംഗനാഥ്, ശിവഗംഗ ബസവരാജു, ബാലകൃഷ്ണ എന്നിവരും തലസ്ഥാനത്ത് എത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
എംഎൽഎമാർ പെട്ടെന്ന് ഡൽഹിയിലേക്ക് പോയതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ഡി.കെ. ശിവകുമാർ പ്രതികരിച്ചു. സിദ്ധരാമയ്യ അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്കതിൽ വളരെ സന്തോഷമുണ്ടെന്നും പാർട്ടി അദ്ദേഹത്തിന് മുഖ്യമന്ത്രിയായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം നൽകിയിട്ടുണ്ട് എന്നുമാണ് മറുപടി നൽകിയത്. ഞങ്ങളെല്ലാവരും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും ശിവകുമാർ മറുപടി നൽകി. വ്യക്തിപരമായ താൽപര്യങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. താൻ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുന്നില്ലെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നിടത്തോളം കാലം സേവനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Karnataka CM Siddaramaiah denies leadership change talk as party MLAs visit Delhi. Government completes 2.5 years, focusing on development.
Published: 21 Nov 2025, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented