രാജ്യത്ത് സമീപകാലത്തായി കൂറുമാറ്റങ്ങളും വിമത നീക്കങ്ങളും തകൃതിയാണ്. കൂറുമാറ്റ നീക്കങ്ങളിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്നുവെന്നത് തന്നെയാണ് പ്രധാന കാരണം. എന്നാൽ ബിജെപിയെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു നീക്കമാണ് കഴിഞ്ഞ ദിവസം കർണാടകയിൽ സംഭവിച്ചത്. കോൺഗ്രസിനുള്ളിലെ തർക്കം മുതലെടുക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്കും എൻഡിഎയ്ക്കും എംഎൽസി തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ലഭിച്ചത്. 11 എൻഡിഎ എംഎൽഎമാർ കൂറുമാറി കോൺഗ്രസിന് വോട്ട് ചെയ്തു. ഇതിൽ ആറോ ഏഴോ വോട്ട് ബിജെപിയുടേതും ബാക്കി ജെഡിഎസിന്റെതുമാണ്. ബിജെപി ദേശീയ നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ കൂറുമാറി വോട്ട് ചെയ്ത എംഎൽഎമാരെ കണ്ടെത്താൻ ഇപ്പോൾ വ്യത്യസ്ത മാർഗം സ്വീകരിച്ചിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

To advertise here,

ധർമസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിൽവെച്ച് എം.എൽ.എ.മാരെക്കൊണ്ട് സത്യം ചെയ്യിക്കാനാണ് നീക്കം. കൂറുമാറിയവരെ കണ്ടെത്താൻ ഓരോരുത്തരേയും കൊണ്ട്‌ സത്യം ചെയ്യിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്‌. ഇതിനായി ധർമസ്ഥലയിൽ നിയമസഭാ കക്ഷിയോഗം വിളിച്ചുചേർക്കാനൊരുങ്ങുകയാണ് പാർട്ടി. 'അവർ ആരായിരുന്നാലും, എംഎൽഎമാർ അവരുടെ അമ്മയെ വഞ്ചിച്ചു. ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നവരാണ്. എല്ലാവരും ധർമസ്ഥലയിലേക്ക് വരണം. അവിടെ നിയമസഭാ കക്ഷി യോഗം ചേരും. ക്ഷേത്രത്തിൽ വച്ച്‌ സത്യം പുറത്തുവരണം, അപ്പോൾ തീരുമാനമെടുക്കാം' ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര പറഞ്ഞു, ഒരാഴ്ചയ്ക്കുള്ളിൽ നിയമസഭാ കക്ഷി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

കൂറുമാറ്റം തടയാൻ വൈകാരികവും ആത്മീയവുമായ നീക്കങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇതാദ്യമല്ല. കൂറുമാറിയ ശേഷം ‘ദൈവത്തിന്റെ’ അനുമതിയോടെയായിരുന്നു അതെന്ന് വിശദീകരിക്കുന്നതും ഇന്ത്യൻ രാഷ്ട്രീയം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

2022-ൽ ഗോവയിലാണ് ഇത്തരമൊരു സംഭവവികാസം അരങ്ങേറിയത്. 2017ൽ, ഗോവയിലെ 40 സീറ്റുകളിൽ 17 എണ്ണം നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. എന്നാൽ 13 സീറ്റുകൾ നേടിയ ബി.ജെ.പി, ചെറിയ പാർട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ അധികാരം പിടിച്ചു. രണ്ട് വർഷത്തിന് ശേഷം, 15 കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂറുമാറി.

കോൺഗ്രസ് നേതാവായിരുന്ന ദിഗാംബർ കാമത്ത് ഇതിനെ ജനാധിപത്യത്തിന്റെ മരണം എന്ന് വിശേഷിപ്പിച്ചു. 2022-ൽ ഗോവയിൽ വീണ്ടും തിരഞ്ഞെടുപ്പ് വന്നു. കൂറുമാറ്റം തടയാൻ കോൺഗ്രസ് പതിനെട്ടാമത്തെ അടവെടുത്തു. കോൺഗ്രസ് സ്ഥാനാർഥികളെയെല്ലാം ക്ഷേത്രത്തിലും പള്ളിയിലും കൊണ്ടുപോയി കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ചു. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. തിരഞ്ഞെടുപ്പ് കഴിഞ്ഞു കോൺഗ്രസിന് 11 സീറ്റ് ലഭിച്ചു. മാസങ്ങൾ പിന്നിട്ടപ്പോഴേക്കും എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിക്കൊപ്പം ചേർന്നു. മുന്നിൽ നിന്നതോ, പ്രതിപക്ഷ നേതാവായിരുന്ന ദിഗംബർ കാമത്ത്. നേരത്തെ ആരാധനാലയങ്ങളിൽ പോയി സത്യം ചെയ്തത് സംബന്ധിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ദിഗംബർ കാമത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

'ഞാൻ വീണ്ടും ക്ഷേത്രത്തിൽ പോയി, എന്തുചെയ്യണമെന്ന് ദൈവത്തോട് ചോദിച്ചു. അപ്പോൾ ദൈവം എന്നോട് പറഞ്ഞു, നിനക്ക് ഏറ്റവും നല്ലത് എന്താണോ അത് ചെയ്യാനാണ്' തന്റെ കൂറുമാറ്റത്തെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.