ബെംഗളൂരു: കാവേരി നദീജല തർക്കത്തെത്തുടർന്ന് കന്നഡ അനുകൂല സംഘടനകൾ ഓഗസ്റ്റ് 13-ന് സംസ്ഥാനവ്യാപകമായി കർണാടക ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

To advertise here,

തമിഴ്നാടിന് ജലം വിട്ടുനൽകാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി കാവേരി ജലനിയന്ത്രണസമിതിയുടെ ഉത്തരവിനെതിരേ കർണാടകം കാവേരിജല മാനേജ്മെന്റ് അതോറിറ്റിയിൽ നൽകിയ അപ്പീൽ തള്ളിയിരുന്നു. ഇതോടെ തമിഴ്നാടിന് ജലം വിട്ടുകൊടുക്കാൻ കർണാടകം നിർബന്ധിതമായിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

കർണാടകയിൽ നിലവിൽ കടുത്ത ജലക്ഷാമവും വരൾച്ചയും നേരിടുമ്പോൾ വെള്ളം വിട്ടുനൽകുന്നത് സംസ്ഥാനത്തെ കർഷകരെയും പൊതുജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാന്ന് കന്നഡ സംഘടനകൾ വാദിക്കുന്നത്.

ഫെഡറേഷൻ ഓഫ് പ്രോ-കന്നഡ ഓർഗനൈസേഷൻസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വാട്ടൽ നാഗരാജ് ആണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബിസിനസ് സ്ഥാപനങ്ങളും മറ്റ് അസോസിയേഷനുകളും ബന്ദുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

വരുന്ന 15 ദിവസം 3,500 ക്യുസെക്സ് ജലം വിട്ടുകൊടുക്കാനാണ് ചൊവ്വാഴ്ച കാവേരി ജലനിയന്ത്രണസമിതി ഉത്തരവിട്ടത്. കാലവർഷം കുറഞ്ഞതിനാൽ കാവേരിയിൽ ജലക്ഷാമമുണ്ടെന്നും തമിഴ്നാടിന് ജലം വിട്ടുനൽകാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കർണാടകം ജല മാനേജ്മെന്റ് അതോറിറ്റിയെ സമീപിച്ചത്.

കാവേരീ നദീജലപ്രശ്‌നം ചർച്ച ചെയ്യാൻ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഞായറാഴ്ച ബെംഗളൂരുവിൽ ചേരുന്ന യോഗത്തിൽ മുൻ മുഖ്യമന്ത്രിമാർ, എല്ലാ പാർട്ടികളുടെയും നിയമസഭയിലെയും കൗൺസിലിലെയും നേതാക്കൾ, പ്രധാന പാർട്ടികളുടെ അധ്യക്ഷൻമാർ എന്നിവരെയും ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചു.