
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ തിളച്ചുമറിഞ്ഞ് കാവേരി നദി വിഷയം. കാവേരിയിലെ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും മുഖ്യമന്ത്രി ജോസഫ് വിജയും തമ്മിൽ ശക്തമായ വാക്‌പോരിലേർപ്പെട്ടു.
അയൽസംസ്ഥാനമായ കർണാടക കാവേരിയിൽ മേക്കേദാട്ടു അണക്കെട്ട് നിർമിക്കുന്നതിൽ എന്താണ് തമിഴ്‌നാട് സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു ഉദയനിധിയുടെ ആവശ്യം. തമിഴ്‌നാടിനെ ബാധിക്കുന്ന ഈ പദ്ധതി തടയാൻ തമിഴ്‌നാട് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മേക്കേദാട്ടു പദ്ധതിക്കെതിരേ നിയമസഭയിൽ പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ എതിർപ്പ് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയുടെ അണക്കെട്ട് പദ്ധതിക്ക് ആദ്യമായി പച്ചക്കൊടി കാണിച്ചത് 1969ൽ ഡിഎംകെ സർക്കാരായിരുന്നുവെന്നും വിജയ് സഭയിൽ പറഞ്ഞു.
എന്നാൽ നിലവിലെ സ്ഥിതിക്കെതിരേ ഒരു സർവകക്ഷി യോഗം വിളിച്ചുചേർക്കാത്തതിനെ കുറിച്ചാണ് ഉദയനിധി പറഞ്ഞത്. കർണാടക അവരുടെ അവകാശങ്ങൾക്കുവേണ്ടി ഒരു സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു. അവർ ഒറ്റ സംഘമായി ഒന്നിച്ചു. എന്നാൽ എന്തിനാണ് ടിവികെ സർക്കാർ ഈ ആശയത്തെ നിരസിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കർണാടകയുടെ പദ്ധതിക്കെതിരെ തമിഴ്‌നാട് ഒറ്റക്കെട്ടായി നിൽക്കുന്നത് കാണിച്ചുകൊടുക്കേണ്ടതുണ്ടെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.
ഈ വിഷയം ചർച്ച ചെയ്യാനായി ബെംഗളൂരുവിലേക്ക് വിജയ് യാത്ര പ്ലാൻ ചെയ്തതിനേയും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിക്ക് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയുണ്ടായിരുന്നു. എന്നാൽ കാവേരി ജലത്തർക്കവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അസ്വാരസ്യങ്ങളും പ്രതിഷേധങ്ങളും കാരണം യാത്ര മാറ്റിവെക്കാൻ കർണാടക മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു അവസരത്തിൽ വിജയിയെ സ്വീകരിക്കാമെന്നാണ് ശിവകുമാർ അറിയിച്ചത്. എന്നാൽ ഇതിനെ കുറിച്ച് ചോദിച്ചപ്പോൽ മുഖ്യമന്ത്രി ഈ റിപ്പോർട്ടുകൾ നിഷേധിച്ചുവെന്ന് ഉദയനിധി പറഞ്ഞു.
എന്നാൽ അയൽസംസ്ഥാനത്ത് സന്ദർശനം നടത്തുന്നതിൽ എന്താണ് തെറ്റ് എന്നാണ് വിജയ് തിരിച്ചുചോദിച്ചത്. ശത്രുരാജ്യങ്ങൾ പോലും തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടത്തുന്നു. ചർച്ചയ്ക്കിടയിൽ താൻ അപമാനിക്കപ്പെടുകയാണെങ്കിൽ, തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി താൻ അതിനും തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
കർണാടക ബെംഗളൂരു സൗത്തിലെ രാമനഗര ജില്ലയിൽ കാവേരി നദിക്ക് കുറുകെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അണക്കെട്ടാണ് മേക്കെദാട്ടു പദ്ധതി. ബെംഗളൂരു നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുക, 400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ അണക്കെട്ട് പദ്ധതിയിലൂടെ കർണാടകയ്ക്കുള്ളത്. കാവേരിയിൽ അണക്കെട്ട് കെട്ടുന്നതിലൂടെ തമിഴ്നാടിന് ലഭിക്കേണ്ട ജലവിഹിതത്തിൽ കുറവുണ്ടാകില്ലെന്ന് കർണാടക ഉറപ്പുനൽകുന്നുണ്ടെങ്കിലും തമിഴ്നാട് ഇത് അംഗീകരിക്കുന്നില്ല. പദ്ധതി തമിഴ്‌നാടിന്റെ ജല വിഹിതത്തെ ബാധിക്കുമെന്നാണ് തമിഴ്‌നാടിന്റെ ആശങ്ക.
Content Highlights: Heated debate between CM Vijay and Udhayanidhi Stalin regarding the Mekedatu dam project., Tamil Nadu government clarifies its opposition to the Karnataka dam project., Discussions on the necessity of an all-party meeting to address water sharing concerns., CM Vijay defends his proposed visit to Bengaluru for diplomatic talks., Concerns regarding water rights and the potential impact on Tamil Nadu farmers.
Published: 07 Aug 2026, 02:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented