നാഗർകോവിൽ: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കന്യാകുമാരിയിൽ 1.45 കോടി ചെലവിൽ നിർമിക്കുന്ന കൂറ്റൻ പ്രവേശനകവാടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഡിസംബർ അവസാനമാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രവേശനകവാടത്തിന്റെ ശിലാസ്ഥാപന കർമം നിർവഹിച്ചത്.

To advertise here,

60 അടി ഉയരത്തിലും 18 മീറ്റർ വീതിയിലും നിർമിക്കുന്ന പ്രവേശനകവാടത്തിൽ 12 അടി ഉയരമുള്ള നാല് തിരുവള്ളുവർ പ്രതിമകൾ സ്ഥാപിക്കും. പ്രതിമകൾ മയിലാടിയിലാണ് നിർമിക്കുന്നത്.

ഇന്ത്യാ ഗേറ്റിന്റെ മാതൃകയിൽ നിർമിച്ചിട്ടുള്ള പ്രവേശന കവാടത്തിന്റെ ചായംപൂശുന്ന പണികളാണ് നടക്കുന്നത്. പോലീസ് സ്റ്റേഷനിൽ നിന്ന് ഗാന്ധിമണ്ഡപം പോകുന്ന വഴിയിൽ തമിഴ്നാട് ടൂറിസ്റ്റ് ബംഗ്ലാവിന്റെ മുന്നിലായിട്ടാണ് പ്രവേശനകവാടം സ്ഥാപിക്കുന്നത്. ഡിസംബർ അവസാനം ഉദ്ഘാടനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവേശനകവാടത്തിന്റെ നിർമാണത്തിനായി റോഡ് ബ്ലോക്ക് ചെയ്തിട്ടുള്ളത് സഞ്ചാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അവസാനഘട്ടത്തിലുള്ള കവാടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.