ന്യൂഡൽഹി: ഹിന്ദിഭാഷാ വിവാദം വീണ്ടും കൊഴുക്കുന്നു. ഹിന്ദി ആരുടേയും ശത്രുവല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി ഡിഎംകെ എംപി കനിമൊഴി രംഗത്തെത്തി. ഹിന്ദി ആരുടേയും ശത്രുവല്ലെങ്കിൽ ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ എന്ന് കനിമൊഴി പറഞ്ഞു.

To advertise here,

ഹിന്ദി ഒരു ഇന്ത്യൻ ഭാഷയുടേയും എതിരാളിയല്ലെന്നും മറിച്ച് എല്ലാവരുടേയും സുഹൃത്താണെന്നുമായിരുന്നു നേരത്തെ ഷാ പറഞ്ഞിരുന്നത്. രാജ്യത്ത് ഒരു ഭാഷയ്ക്കെതിരേയും എതിർപ്പ് ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് കനിമൊഴിയുടെ പ്രതികരണം. ഹിന്ദി ഒരു ഭാഷയുടേയും ശത്രുവല്ലെങ്കിൽ തമിഴും ഒരു ഭാഷയുടേയും ശത്രുവല്ല. അവർ തമിഴ് പഠിക്കട്ടെ. വടക്കേ ഇന്ത്യയിലെ ജനങ്ങൾ കുറഞ്ഞത് ഒരു ദക്ഷിണേന്ത്യൻ ഭാഷയെങ്കിലും പഠിക്കട്ടെ. അതാണ് യഥാർത്ഥ ദേശിയോദ്ഗ്രഥനം - കനിമൊഴി പറഞ്ഞു. 

തങ്ങൾ ആരുടേയും ശത്രുക്കളല്ലെന്നും എല്ലാവരുടേയും സുഹൃത്തുക്കളാണെന്നും കനിമൊഴി കൂട്ടിച്ചേർത്തു. തങ്ങളുടെ ഭാഷയും പഠിക്കൂ എന്നും കനിമൊഴി പറഞ്ഞു. അതേസമയം അമിത് ഷായുടെ പേര് പരാമർശിക്കാതെയായിരുന്നു കനിമൊഴിയുടെ പ്രതികരണം. 

ഔദ്യോഗികഭാഷാവകുപ്പ് സുവർണജൂബിലി ആഘോഷത്തിൽ സംസാരിക്കവെയായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ, ഹിന്ദി ഇന്ത്യൻ ഭാഷകളുടെ സുഹൃത്താണെന്നും മെഡിക്കൽ-എൻജിനീയറിങ് വിദ്യാഭ്യാസം പ്രാദേശികഭാഷയിൽ നൽകണമെന്നും പറഞ്ഞത്. ഭരണകാര്യങ്ങൾ നിർവഹിക്കാൻ ഇന്ത്യൻ ഭാഷകൾ ഉപയോഗിക്കുന്നതിന് കേന്ദ്രം സംസ്ഥാന സർക്കാരുകളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.