പട്‌ന (ബിഹാര്‍): കോൺ​ഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശിച്ചതിനുപിന്നാലെ ക്ഷേത്രം ​ഗം​ഗാജലം കൊണ്ട് വൃത്തിയാക്കിയെന്ന് ആരോപണം. ബിഹാർ സഹർസ ജില്ലയിലെ ബാൻ​ഗാവിലെ ഭ​ഗവതി സ്ഥാനിലുള്ള ദുർ​ഗാ ക്ഷേത്രത്തിലാണ് സംഭവം. കുടിയേറ്റം നിർത്തുക, ജോലി നൽകുക എന്ന മുദ്രാവാക്യവുമായി നിലവിൽ ബിഹാറിൽ റാലി നടത്തുകയാണ് കനയ്യ കുമാർ. പ്രതിഷേധവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി.

To advertise here,

ബിഹാറിൽ താൻ നടത്തുന്ന റാലിക്കിടെയാണ് കനയ്യ കുമാർ ക്ഷേത്രത്തിലെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു ഇത്. ക്ഷേത്രപരിസരത്തെ മണ്ഡപത്തിൽവെച്ച് ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുകയുംചെയ്തു അദ്ദേഹം. അദ്ദേഹം മടങ്ങിയതിന് തൊട്ടടുത്തദിവസം ചിലർ ചേർന്ന് ഈ മണ്ഡപം ​വൃത്തിയാക്കുകയായിരുന്നു. ​ന​ഗർ പഞ്ചായത്ത് ബൻ​ഗാവ് വാർഡ് കൗൺസിലർ ആയ അമിത് ചൗധരിയായിരുന്നു നേതൃത്വം. ഗം​ഗാജലം ഉപയോ​ഗിച്ചാണ് മണ്ഡപം വൃത്തിയാക്കിയതെന്നാണ് ഇവർ പ്രതികരിച്ചത്.

കനയ്യ കുമാർ രാജ്യത്തിന് വിരുദ്ധമായി സംസാരിച്ചെന്നും ക്ഷേത്രത്തിലെ ഭ​ഗവതി സ്ഥാനത്തുനിന്നാണ് അദ്ദേഹം സംസാരിച്ചതെന്നും അവർ പറഞ്ഞു. ക്ഷേത്രം വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതേക്കുറിച്ച് കനയ്യ കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും വിമർശനമുന്നയിച്ചുകൊണ്ട് കോൺ​ഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്.  അടുത്തുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ പുതിയ വിവാദമാണ് ഈ സംഭവത്തോടെ ഉയർന്നിരിക്കുന്നത്.