2026 ഒക്ടോബർ രണ്ട് എത്തിയാൽ ജൻ സുരാജ് പാർട്ടിക്ക് വെറും രണ്ട് വയസ്സാവുന്നതേയുള്ളൂ. ബാല്യംപോലും കടന്നിട്ടില്ലാത്ത ആ ചെറു പാർട്ടിയാണ് ബങ്കിപുർ എന്ന ബിജെപി കോട്ടയെ വിറപ്പിച്ച് വിജയിച്ചിരിക്കുന്നത്. തകർന്നതാവട്ടെ, 31 വർഷം ബിജെപിക്കൊപ്പംനിന്ന ഉരുക്കുകോട്ടയും. പ്രശാന്ത് കിഷോർ എന്ന രാഷ്ട്രീയ തന്ത്രജ്ഞനിലൂടെ ജൻ സുരാജ് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുന്നു.

To advertise here,

2024 ഒക്ടോബർ രണ്ടിനാണ് പ്രശാന്ത് കിഷോർ ജൻ സുരാജ് എന്ന പാർട്ടിക്ക് രൂപം കൊടുത്തത്. 2021-ലെ തമിഴ്‌നാട്, പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ മമത ബാനർജിക്കും എം.കെ. സ്റ്റാലിനും വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുകയും പ്രചാരണം നടത്തുകയും ചെയ്ത കാലത്താണ് പ്രശാന്ത് കിഷോർ എന്ന തന്ത്രജ്ഞനെ ദേശീയരാഷ്ട്രീയം കണ്ടത്. എന്നാൽ, ഈ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചു. ബിഹാർ രാഷ്ട്രീയത്തിന്റെ അടിത്തട്ടിൽ സജീവമായി പ്രവർത്തിക്കാനാണ് 'പൊളിറ്റിക്കൽ കൺസൾട്ടന്റ്' എന്ന സ്ഥാനത്തുനിന്ന് വിരമിക്കുന്നത് എന്നായിരുന്നു വിശദീകരണം. പിന്നെ രണ്ടുവർഷങ്ങൾക്കിപ്പുറം സ്വന്തമായി ഒരു രാഷ്ട്രീയപ്പാർട്ടിക്ക് ജന്മം കൊടുത്തുകൊണ്ട്, സജീവ രാഷ്ട്രീയക്കാരനായി തിരിച്ചെത്തി. ജൻ സുരാജ് പാർട്ടി, ജനങ്ങളുടെ നല്ല ഭരണത്തിന്റെ പാർട്ടിക്ക് രൂപം നൽകിയത് 2024 ഒക്ടോബർ രണ്ടിനായിരുന്നുവെന്നത് യാദൃച്ഛികമായിരുന്നില്ല. ഗാന്ധിയൻ തത്വങ്ങളിലും ലിബറലിസത്തിലുമൂന്നിയാണ് തന്റെ പാർട്ടി പ്രവർത്തിക്കുയെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം.

ബിഹാറിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനും വികസനത്തിനായുള്ള കർമപദ്ധതി തയ്യാറാക്കാനുമായി പ്രശാന്ത് കിഷോർ 'ജൻ സുരാജ് അഭിയാൻ' എന്ന പേരിൽ ഒരു ജനകീയ പ്രസ്ഥാനം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2022 ഒക്ടോബർ രണ്ടിന് ചമ്പാരനിലെ ഗാന്ധി ആശ്രമത്തിൽനിന്ന് അദ്ദേഹം 3,500 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പദയാത്ര ആരംഭിച്ചു. രണ്ട് വർഷത്തോളം നീണ്ടുനിന്ന ഈ യാത്രയിലൂടെ അയ്യായിരത്തിലധികം ഗ്രാമങ്ങളിൽ സന്ദർശനം നടത്തി, ജനങ്ങളുമായി സംവദിച്ചു. രണ്ട് വർഷത്തോളം നീണ്ട ഈ പ്രവർത്തനങ്ങൾക്ക് ശേഷമാണ് സ്വന്തം പാർട്ടിക്ക് രൂപം കൊടുത്തത്. പാർട്ടിയുടെ പ്രഥമ ദേശീയ അധ്യക്ഷനായി മുൻ എംപിയായ ഉദയ് സിങ് ചുമതലയേറ്റെടുത്തു. റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥനായ മനോജ് ഭാരതിയാണ് ബിഹാർ സംസ്ഥാന അധ്യക്ഷൻ. 'ശരിയായ ആളുകൾ, ശരിയായ ചിന്ത, കൂട്ടായ പരിശ്രമം' എന്ന മുദ്രാവാക്യത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയുടെ ചിഹ്നം സ്‌കൂൾ ബാഗാണ്.

ജൻ സുരാജും തിരഞ്ഞെടുപ്പും

പാർട്ടി രൂപവത്കരിക്കുന്നതിന് മുൻപ്, 2023 ഏപ്രിലിൽ സരൺ ജില്ലയിലെ ടീച്ചേഴ്സ് മണ്ഡലത്തിൽനിന്ന് അഫാഖ് അഹമ്മദ് ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു പാർട്ടിയുടെ ആദ്യത്തെ ഔദ്യോഗിക വിജയം. അന്ന് ജൻ സുരാജ് അഭിയാൻ അഫാഖിനെ രാഷ്ട്രീയമായി പിന്തുണച്ചിരുന്നു. പ്രശാന്ത് കിഷോറിന്റെ പിന്തുണയിൽ അഫാഖ് അഹമ്മദ് നേടിയ വിജയം ബിഹാറിലെ രാഷ്ട്രീയക്കാരെ ഞെട്ടിച്ചു.

2025 നവംബറിൽ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി ജൻ സുരാജ് രംഗത്തിറങ്ങി. ആകെയുള്ള 243 സീറ്റുകളിൽ 238 എണ്ണത്തിലും ജൻ സുരാജ് സ്ഥാനാർഥികൾ മത്സരിച്ചെങ്കിലും ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല. അന്ന് 3.44% വോട്ട് വിഹിതമാണ് പാർട്ടിക്ക് ലഭിച്ചത്. സംസ്ഥാനത്തെ ഏകദേശം 68 മണ്ഡലങ്ങളിൽ 'നോട്ട'യ്ക്ക് ലഭിച്ചതിനേക്കാൾ കുറഞ്ഞ വോട്ടുകളാണ് ആ തിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്ക് ലഭിച്ചത്. 236 സീറ്റുകളിൽ പാർട്ടിക്ക് കെട്ടിവെച്ച തുക പോലും നഷ്ടമായി. എങ്കിലും 35 മണ്ഡലങ്ങളിൽ ഒരു 'സ്‌പോയിലർ' ആയി പ്രവർത്തിക്കാൻ ജൻ സുരാജിന് സാധിച്ചുവെന്നതാണ് മറ്റൊരു വശം. ഈ മണ്ഡലങ്ങളിൽ ജൻ സുരാജ് സ്ഥാനാർഥികൾ നേടിയ വോട്ടുകൾ ആ മണ്ഡലങ്ങളിലെ വിജയിയും തൊട്ടടുത്ത സ്ഥാനാർഥിയും തമ്മിലുള്ള വോട്ടുവ്യത്യാസത്തേക്കാൾ കൂടുതലായിരുന്നു. അതായത്, ജൻ സുരാജ് പാർട്ടി പിടിച്ച വോട്ടുകൾ പ്രധാന മുന്നണികളിലൊന്നിന്റെ വിജയത്തെയോ പരാജയത്തെയോ നേരിട്ട് ബാധിച്ചു. ബിഹാറിലെ പല മണ്ഡലങ്ങളിലും ഫലം നിർണയിക്കുന്നതിൽ ജൻ സുരാജ് പാർട്ടി ഒരു പ്രധാന ഘടകമായി മാറി.

പ്രശാന്ത് കിഷോറും ജൻ സുരാജിന്റെ വിജയവും

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയമറിഞ്ഞ് പാർട്ടി അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോഴായിരുന്നു ബങ്കിപുർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം. പ്രശാന്ത് കിഷോർതന്നെ ജൻ സുരാജിന് വേണ്ടി രംഗത്തിറങ്ങുകയും ചെയ്തു. പ്രശാന്ത് കിഷോർ നേരിട്ട് മത്സരരംഗത്തിറങ്ങിയത് പാർട്ടിയുടെ വിശ്വാസ്യതയും ശ്രദ്ധയും വർധിപ്പിച്ചു. സാധാരണനിലയിലുള്ള ഒരു ഉപതിരഞ്ഞെടുപ്പിനെ ബിജെപി സർക്കാരിനെതിരെയുള്ള ഒരു ഹിതപരിശോധനയാക്കി മാറ്റാൻ പ്രശാന്തിന് സാധിച്ചു. അടിത്തട്ട് മുതൽ അത്തരത്തിലുള്ള പ്രചാരണങ്ങളാണ് പ്രശാന്ത് നടത്തിയത്.

1995 മുതൽ ബിജെപിയുടെ ഉറച്ച കോട്ടയായിരുന്നു ബങ്കിപുർ. എന്നാൽ, കരുത്തനായ നേതാവ് നിതിൻ നബിൻ ബിജെപിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മാറിയപ്പോൾ പകരം താരതമ്യേന ജനപ്രീതി കുറഞ്ഞ സ്ഥാനാർഥിയെ ആണ് ബിജെപി രംഗത്തിറക്കിയത്. അഭിഷേക് കുമാർ സിൻഹയെ മാറ്റി നീരജ് കുമാർ സിൻഹയെ സ്ഥാനാർഥിയാക്കിയത് ബിജെപിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളെയും പുറത്തുകൊണ്ടുവന്നു.

വളരെ പ്രൊഫഷണലായ രീതിയിലാണ് പ്രശാന്ത് കിഷോർ ബൂത്ത് തലത്തിൽ പ്രചാരണം സംഘടിപ്പിച്ചത്. വെറും നാല് പോളിങ് ബൂത്തുകൾക്ക് ഒരു പ്രത്യേക മാനേജർ എന്ന നിലയിൽ പ്രവർത്തനം വിഭജിക്കുകയും ഓരോ ദിവസത്തെയും വിവരങ്ങൾ വിശകലനം ചെയ്ത് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിൽ തന്ത്രങ്ങൾ പരിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഈ മൈക്രോ മാനേജ്‌മെന്റ് പാർട്ടിയെ സഹായിച്ചു.

മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ ഭരണത്തിനെതിരെയുള്ള പ്രതിഷേധ വോട്ടുകൾ ഏകീകരിക്കാൻ കിഷോറിന്റെ പ്രചാരണത്തിന് കഴിഞ്ഞു. മണ്ഡലത്തിൽ രേഖപ്പെടുത്തിയ കുറഞ്ഞ പോളിങ് ശതമാനവും അവർക്ക് ഗുണംചെയ്തു. മഹാഗഡ്ബന്ധൻ സഖ്യത്തിൽ ഭിന്നതയുണ്ടാവുകയും ആർജെഡി സ്വന്തമായി സ്ഥാനാർഥിയെ നിർത്തുകയും ചെയ്തത് പ്രതിപക്ഷ വോട്ടുകൾ വിഭജിക്കാൻ കാരണമായി. ഇത് ബിജെപിക്ക് ബദലായുള്ള ശക്തമായ പോരാളിയായി പ്രശാന്ത് കിഷോറിനെയും ജൻ സുരാജിനെയും മാറ്റുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബങ്കിപുരിൽ അരലക്ഷത്തിലേറെ വോട്ടുകൾക്കാണ് ബിജെപിയുടെ നിതിൻ നബിൻ വിജയിച്ചത്. തുടർച്ചയായ അഞ്ചാം തവണയായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഒരിക്കലും തകരില്ലെന്ന് നേതൃത്വം ഉറച്ചുവിശ്വസിച്ചിരുന്ന ബങ്കിപുരിലെ ബിജെപിയുടെ മൂന്ന് പതിറ്റാണ്ടിലേറെയുള്ള ആധിപത്യത്തെയാണ് പ്രശാന്ത് കിഷോറിന്റെ പ്രകടനം വെല്ലുവിളിച്ചിരിക്കുന്നത്. ജൻ സുരാജിന് ബിഹാർ നിയമസഭയിലേക്ക് വാതിൽ തുറന്നിരിക്കുന്നു. ഉപതിരഞ്ഞെടുപ്പിലെ ഈ പ്രവണത വരാനിരിക്കുന്ന വലിയ രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.