ദർഗ് (ഛത്തീസ്ഗഢ്): രാഹുൽ ഗാന്ധിയും പ്രതിപക്ഷപാർട്ടികളും ഭരണഘടനാ സ്ഥാപനങ്ങളായ ഇലക്ഷൻ കമ്മീഷനെയും സുപ്രീം കോടതിയേയും ചോദ്യം ചെയ്യുന്നത് രാഷ്ട്രീയതാൽപ്പര്യങ്ങൾ മൂലമാണെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെ.പി നഡ്ഡ. ഉഴപ്പനായ വിദ്യാർത്ഥി ക്ലാസ്സിൽ തോൽക്കുമ്പോൾ അധ്യാപകരെ കുറ്റപ്പെടുത്തുന്നതിന് സമാനമാണ് രാഹുൽ ഗാന്ധിയുടെ പ്രവൃത്തിയെന്നും അദ്ദേഹം കുറ്റപ്പടുത്തി. ചത്തീസ്ഗഢിലെ ദർഗിൽ നടന്ന ‘സേവ് ഡെമോക്രസി, റിമൂവ് അനാർക്കി’ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നഡ്ഡ.

To advertise here,

ഏറ്റവുംവലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ഇലക്ഷൻ കമ്മീഷനും തിരഞ്ഞടുപ്പ് സംവിധാനവും അന്താരാഷ്ട്ര തലത്തിൽ പോലും ഏറെ ശ്രദ്ധിക്കപ്പെട്ടതാണെന്നും ഇടുങ്ങിയ രാഷ്ട്രീയതാൽപ്പര്യങ്ങളെ സംരക്ഷിക്കാൻ ചിലർ ഉന്നയിക്കുന്ന ആരോപണങ്ങൾ ഇലക്ഷൻ കമ്മീഷനും സുപ്രീം കോടതിയുമുൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റായ നടപടിക്രമങ്ങളുണ്ടായി എന്നാരോപിക്കുന്നതിലൂടെ ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ് രാഹുൽ ഗാന്ധി നശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഠിക്കാൻ കഴിവില്ലാത്ത വിദ്യാർത്ഥി തോൽവിയെ അംഗീകരിക്കാൻ തയ്യാറാവാത്തതുപോലെയാണ് രാഹുലിന്റെ അവസ്ഥ എന്നാരോപിച്ച നഡ്ഡ, തിരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ താൻ സമർത്ഥനാണെന്ന് സ്വയം കരുതുന്ന ഇദ്ദേഹം, തോൽക്കുമ്പോൾ ഇലക്ഷൻ കമ്മീഷനെ കുറ്റപ്പെടുത്തുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

എസ്ഐആർ, വോട്ടർ പട്ടികയുടെ കൃത്യത, ഭരണഘടനാപരമായ നടപടികൾ എന്നിവയേക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനായി സംഘടിപ്പിച്ച ക്യാമ്പയിനിന്റെ ഭാഗമായാണ് മാർച്ച് നടന്നത്. ബിജെപിയുടെ ദേശീയ പ്രസിഡന്റ് നിതിൻ നബിനാണ് ക്യാമ്പയിന് നേതൃത്വംവഹിക്കുന്നത്.