ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് സാക്ഷിയാകാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമെത്തിയിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് മന്ത്രിസഭയുടെ ഭാഗമാകാൻ പോകുന്നുവെന്നതാണ് അധികാരമാറ്റത്തിന്റെ പ്രത്യേകത. നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കോൺഗ്രസ്- ഡിഎംകെ സഖ്യം ഉപേക്ഷിച്ചാണ് തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ കോൺഗ്രസ് ടിവികെയുമായി സഖ്യം ചേർന്നത്. ഇതിന് കോൺഗ്രസിനെതിരെ ഡിഎംകെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്ന് വരെ കടുത്ത ആരോപണമാണ് ഡിഎംകെ ഉയർത്തിയത്. എങ്കിലും ഭാവി കണക്കുകൂട്ടിയുള്ള നീക്കമാണ് കോൺഗ്രസ് തമിഴ്‌നാട്ടിൽ നടത്തിയിരിക്കുന്നത്.

To advertise here,

ഇതിന്റെ ഭാഗമായാണ് വിജയ്‌യുടെ പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയത്. ദക്ഷിണേന്ത്യയിൽ തനിക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു മതേതര ധ്രുവമായി വിജയ് മാറുമെന്ന് രാഹുൽ ഗാന്ധി കരുതുന്നതായും റിപ്പോർട്ടുതകളുണ്ട്. തമിഴ്‌നാട്ടിൽ സഖ്യത്തിലായിരുന്നിട്ടും ഡിഎംകെയുടെ സർക്കാരിൽ കോൺഗ്രസിന് പ്രാതിനിധ്യമുണ്ടായിരുന്നില്ല. പുതിയ സഖ്യത്തിലൂടെ തമിഴ്‌നാട്ടിൽ പാർട്ടി വളർത്താനാകുമെന്നാണ് രാഹുൽഗാന്ധി പ്രതീക്ഷിക്കുന്നത്.

വിജയും കോൺഗ്രസുമായി പഴയൊരു ബന്ധമുണ്ട്. 2009-ൽ വിജയ് കോൺഗ്രസ് പാർട്ടിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. 2009ൽ വിജയ് ഡൽഹിയിൽ വെച്ച് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ സമയത്ത് വിജയ് കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മയായ 'വിജയ് മക്കൾ ഇയക്കം' കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും ശക്തമായ പ്രചരണമുണ്ടായിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ച വെറുമൊരു മര്യാദയുടെ പുറത്തുള്ളതായിരുന്നു എന്നാണ് പിന്നീട് വിജയ് പറഞ്ഞത്.

ഇന്ന് കോൺഗ്രസ് വിജയ് നയിക്കുന്ന സർക്കാരിൽ പങ്കാളിയായിരിക്കുന്നു. കഠിനമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ തന്നിൽ വിശ്വാസമർപ്പിച്ച രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും വിജയ് നന്ദിയോടെ സ്മരിക്കുകയും രാഹുലിനെ തന്റെ 'സഹോദരൻ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തമിഴ്നാട്ടിലെ തന്റെ പഴയ സഖ്യകക്ഷിയായ ഡിഎംകെ വിളിച്ചുകൂട്ടിയ പല യോഗങ്ങളിലും രാഹുൽ പങ്കെടുത്തിരുന്നില്ല. സീറ്റ് വിഭജനത്തിലും, അധികാരം പങ്കിടുന്നതിലുമുള്ള തർക്കങ്ങളെ തുടർന്നായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം ഡിഎംകെ പലതവണ തള്ളിക്കളഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസ് പുതിയ സഖ്യം പരീക്ഷിക്കുന്നത്. ഇത് തദ്ദേശഭരണ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരുമെന്നാണ് റിപ്പോർട്ടുകൾ. വിജയ്​യും രാഹുലും തമ്മിലുള്ള വളരുന്ന രാഷ്ട്രീയ സൗഹൃദം തമിഴ്നാട് രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങളുടെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.