ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണം സുരക്ഷാ വീഴ്ചയായിരുന്നെന്ന് സമ്മതിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തു. ആക്രമണം നടന്നയിടമെന്നത് തുറന്ന പുല്‍മേടാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അവിടെ ജോലിചെയ്യുന്നതിനുള്ള സ്ഥലമോ സൗകര്യങ്ങളോ ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലഫ്. ഗവര്‍ണര്‍ പദവിയിലെത്തി അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പിഴവ് ഏറ്റുപറഞ്ഞത്.

To advertise here,

പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരാക്രമണമായിരുന്നു ഇത്. കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനും വര്‍ഗീയ വിഭജനം ആളിക്കത്തിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ആക്രമണണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ വീഴ്ചയാണ് അവിടെ സംഭവിച്ചതെന്നതില്‍ സംശയമില്ല. ഭീകരര്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിടുന്നില്ല എന്നതായിരുന്നു കശ്മീരിൽ പൊതുവായുള്ള വിശ്വാസം. തുറന്ന പുല്‍മേട്ടിലാണ് ആക്രമണമുണ്ടായത്. അവിടെ സുരക്ഷാസേനയ്ക്ക് കഴിയാന്‍ സ്ഥലമോ സൗകര്യങ്ങളോ ഇല്ല. കേസില്‍ എന്‍ഐഎ നടത്തിയ അറസ്റ്റുകള്‍ പ്രാദേശിക പങ്കാളിത്തത്തെ സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ സമ്മതിച്ചു. 

അക്രമണം മൂലം ജമ്മു കശ്മീരിലെ അന്തരീക്ഷം പൂര്‍ണമായി വഷളായി എന്ന് വിലയിരുത്തുന്നത് തെറ്റാണ്. രാജ്യത്തിന് നേരെയുള്ള ആക്രമണമായിരുന്നു അത്. കശ്മീരിലെ സമാധാനവും അഭിവൃദ്ധിയും പാകിസ്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ആക്രമണത്തിനുശേഷം കശ്മീര്‍ ജനതയുടെ പ്രതിഷേധങ്ങള്‍ പാകിസ്താനും ഭീകരര്‍ക്കുമുള്ള തക്ക മറുപടിയായിരുന്നു. ഭീകരവാദം ഇവിടെ സ്വീകാര്യമല്ലെന്നതിന്റെ തെളിവുകളായിരുന്നു അവ. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ജമ്മു കശ്മീരില്‍ ആക്രമണങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യക്കുനേരെയുള്ള ഏതൊരു ഭീകരാക്രമണവും യുദ്ധത്തിനുള്ള കാരണമായി കണക്കാക്കുമെന്ന് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും പാകിസ്താനെ വിശ്വസിക്കാന്‍ കഴിയില്ല. പാകിസ്താനെ ഇപ്പോഴും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രാദേശിക പങ്കാളിത്തം ഉണ്ടായിട്ടുണ്ടെങ്കിലും കശ്മീര്‍ മണ്ണില്‍ അതിന്റെ തോത് കുറഞ്ഞുവരികയാണ്. എന്നാല്‍, ജമ്മുവിലേക്കും കശ്മീരിലേക്കും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.