ന്യൂഡൽഹി: ഝാർഖണ്ഡിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉറച്ച സീറ്റിലുണ്ടായ കോൺഗ്രസ് തോൽവിക്ക് കാരണം ഇന്ത്യ സഖ്യത്തിലെ ഭിന്നത. സഖ്യ നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്ന് ഭിന്നത മറന്ന് ഒറ്റക്കെട്ടായി പോരാടാൻ പ്രതിജ്ഞയെടുത്ത് പിരിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഝാർഖണ്ഡിൽ തിരിച്ചടിയുണ്ടായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിലെ കമ്യൂണിക്കേഷൻ വിഭാഗം മേധാവിയും എ.ഐ.സി.സി. സെക്രട്ടറിയുമായ പ്രണവ് ഝായാണ് പരാജയപ്പെട്ടത്. കണക്കുകൾ പ്രകാരം കോൺഗ്രസ്സിന് ലഭിക്കുമായിരുന്ന സീറ്റിൽ ഇന്ത്യ മുന്നണിയിലെ മറ്റുകക്ഷികൾ കളം മാറിയതാണ് പരാജയകാരണമെന്ന് വ്യക്തം.ഝാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക് 56 അംഗങ്ങളാണുള്ളത്. ജെ.എം.എം.-34, കോൺഗ്രസ്-16, ആർ.ജെ.ഡി.-4, സി.പി.ഐ.എം.എൽ.-2 എന്നിങ്ങനെ. ഇതിൽ 28 വീതം വോട്ട് കിട്ടിയാൽ ജെ.എം.എം., കോൺഗ്രസ് സ്ഥാനാർഥികൾ ജയിക്കുമായിരുന്നു. എന്നാൽ ജെ.എം.എം. സ്ഥാനാർഥി ബൈദ്യനാഥ റാമിന് ലഭിച്ചത് 30 വോട്ട്. കോൺഗ്രസ്സിന് 20.
24 അംഗങ്ങൾ മാത്രമുള്ള എൻ.ഡി.എ. മുന്നണിയുടെ സ്ഥാനാർഥി പരിമൾ നഠ്‌വാനി 28 വോട്ടോടെ ജയിച്ചു. ഇത് ആർ.ജെ.ഡി.യും സി.പി.ഐ.എം.എലും വോട്ട് മാറ്റിച്ചെയ്തിട്ടാണെന്ന കോൺഗ്രസ് ആരോപണത്തോട് ഇരു പാർട്ടികളും രൂക്ഷമായാണ് പ്രതികരിച്ചത്. സി.പി.ഐ.എം.എൽ. നേതാവ് ദീപാങ്കർ ഭട്ടാചാര്യ ഖാർഗെയ്ക്ക് പ്രതിഷേധക്കത്തയച്ചു. രഹസ്യവോട്ടായതിനാൽ യഥാർഥ കാരണം എന്താണെന്നറിയില്ലെങ്കിലും ഇന്ത്യ സഖ്യത്തിലെ ജെ.എം.എം. വോട്ടുകൾ അടക്കം കോൺഗ്രസ്സിന് കിട്ടിയിട്ടില്ല. കോൺഗ്രസ്സിന്റെ ആസൂത്രണത്തിലെ പിഴവുകൾ കൂടിയാണ് ഝാർഖണ്ഡിലെ തോൽവിയിലും മധ്യപ്രദേശിൽ മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതിലും പ്രകടമാവുന്നത്.
ഇന്ത്യ സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കുന്നതിലും പത്രികയിലെ പാളിച്ചകൾ ഒഴിവാക്കുന്നതിലും കോൺഗ്രസ് പരാജയപ്പെട്ടു.ബി.ജെ.പി. സംഘടനാസംവിധാനം കോൺഗ്രസ്സിന്റെ ഓരോ നേതാക്കളുടെയും നീക്കങ്ങളെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് പ്രവർത്തിച്ചു.
പ്രണവ് ഝായുടെ വിജയം ഉറപ്പാക്കാൻ മുതിർന്ന നേതാക്കളായ ഭൂപേഷ് ബഘേലിനെയും അജയ് ശർമയെയും ഖാർഗെ ഝാർഖണ്ഡിൽ അയച്ചിരുന്നു. ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയായ ബഘേൽ, 2021 അസം തിരഞ്ഞെടുപ്പും 2022 ഉത്തർപ്രദേശ് തിരഞ്ഞെടുപ്പും കൈകാര്യം ചെയ്തയാളാണ്. അതൊന്നും പാർട്ടിക്ക് നേട്ടമുണ്ടാക്കിയില്ല.
ഹരിയാണയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിലിടപെട്ടയാളാണ് അജയ് ശർമ. അവിടെ ജയിക്കുമായിരുന്ന പാർട്ടി സ്ഥാനാർഥി അജയ് മാക്കൻ സ്വതന്ത്ര സ്ഥാനാർഥി കാർത്തികേയ ശർമയോട് തോറ്റത് പാർട്ടിക്ക് കനത്ത ആഘാതമായിരുന്നു. പക്ഷേ, ഝാർഖണ്ഡിലും അജയ് ശർമയ്ക്ക് തന്നെ കോൺഗ്രസ് ചുമതല നൽകി. മധ്യപ്രദേശിൽ മീനാക്ഷി നടരാജന്റെ പത്രിക സമർപ്പിക്കുന്നതിൽ ദേശീയ നേതൃത്വത്തിന്റെ കൃത്യമായ നിരക്ഷണം ഉണ്ടായില്ല.
തെലങ്കാന ബി.ജെ.പി. നേതാക്കൾ മീനാക്ഷി നടരാജന്റെ പേരിലുള്ള പരാതിയുടെ വിശദാംശങ്ങൾ വേഗത്തിൽ കണ്ടെത്തുകയും അതിന്റെ നിയമസാധുത പരിശോധിച്ച് റിട്ടേണിങ് ഓഫീസർക്ക് മുന്നിൽ ഹാജരാക്കുകയും ചെയ്തു.
Content Highlights: Congress candidate Pranav Jha lost the Rajya Sabha seat due to lack of support from INDIA bloc partners., Internal discrepancies between JMM, RJD, CPI(ML), and Congress led to cross-voting., BJP successfully capitalized on the coordination failures and strategic errors of the Congress leadership., Failure in managing alliances and procedural lapses in nomination filings impacted election outcomes., Senior leaders like Bhupesh Baghel and Ajay Maken failed to secure the required votes despite strategic deployment.
Published: 20 Jun 2026, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented