ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം പ്രതിപക്ഷ നേതാക്കൾ ബഹിഷ്‌കരിച്ചു. തൃണമൂൽ കോൺഗ്രസിൽ നിന്ന് വിട്ടുപോയ 20-ഓളം വിമത എംപിമാരുടെ 'നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ'യ്ക്ക് യോഗത്തിലേക്ക് ക്ഷണം നൽകിയതാണ് പ്രതിഷേധത്തിന് കാരണമായത്. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ നേതൃത്വത്തിൽ പാർലമെന്റ് അനെക്സിൽ നടന്ന യോഗത്തിൽ നിന്ന് ഇന്ത്യ സഖ്യത്തിലെ എംപിമാർ ഇറങ്ങിപോയി.

To advertise here,

സ്പീക്കർ ഔദ്യോഗികമായി അംഗീകരിക്കാത്തതും പാർലമെന്റ് വെബ്‌സൈറ്റിൽ പേര് പോലും വരാത്തതുമായ ഒരു പാർട്ടിയെ യോഗത്തിലേക്ക് ക്ഷണിച്ചതിലെ അനൗചിത്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പാർലമെന്റ് വെബ്‌സൈറ്റിൽ ഇപ്പോഴും ഈ വിമത എംപിമാരെ തൃണമൂൽ കോൺഗ്രസ് അംഗങ്ങളായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് തൃണമൂൽ എംപി സൗഗത റോയ് ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വിമത വിഭാഗത്തിന് യോഗത്തിൽ പ്രത്യേക മേശയും ഇരിപ്പിടങ്ങളും അനുവദിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.

വരാനിരിക്കുന്ന സമ്മേളനത്തിൽ സഭയിൽ ഉന്നയിക്കപ്പെടേണ്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു സർക്കാരിന്റെ നീക്കമെങ്കിലും വിമതരെച്ചൊല്ലിയുള്ള തർക്കം യോഗത്തിന്റെ അന്തരീക്ഷം കലുഷിതമാക്കി. അതേസമയം, തങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചതിന് എൻ.സി.പി.ഐ നേതാവ് കകോലി ഘോഷ് ദസ്തിദാർ സർക്കാരിന് നന്ദി അറിയിച്ചു.

വിമതർക്കെതിരെയുള്ള അയോഗ്യതാ ഹർജികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഔദ്യോഗിക പട്ടികയിൽ തൃണമൂൽ കോൺഗ്രസിന് 28 അംഗങ്ങളുണ്ടായിരിക്കെ ഏത് അടിസ്ഥാനത്തിലാണ് പാർലമെന്ററി കാര്യ മന്ത്രി വിമതരെ ക്ഷണിച്ചതെന്ന് തൃണമൂൽ എംപി മഹുവ മോയിത്ര ചോദിച്ചു. 91-ാം ഭരണഘടനാ ഭേദഗതി പ്രകാരം സഭയ്ക്കുള്ളിൽ ഇത്തരത്തിൽ ഒരു പ്രത്യേക ബ്ലോക്കിന് സ്ഥാനമില്ലെന്നും നിയമവിരുദ്ധമായ ഈ നീക്കത്തിനെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്തി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.