ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യം ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ പൂർണ്ണരൂപം പുറത്തുവിട്ട് കോൺഗ്രസ്. ആറ് പേജുള്ള കത്തിൽ 23 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും ഒരു സ്വതന്ത്ര എംപിയുമാണ് ഒപ്പിട്ടിരിക്കുന്നത്.

To advertise here,

സാധാരണ നിലയിൽ ഇത്തരത്തിൽ ഒരു കത്ത് ചീഫ് ജസ്റ്റിസിന് എഴുതുമായിരുന്നില്ലെന്നും എന്നാൽ ജനാധിപത്യം അപകടത്തിലാണെന്ന വസ്തുത കണക്കിലെടുത്ത് അസാധാരണപാത തിരഞ്ഞെടുക്കുകയായിരുന്നുവെന്നും കത്തിൽ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം നടക്കുന്നുണ്ടെന്നും ഉയർന്നുവരുന്ന ആശങ്കകളോട് പ്രതികരിക്കുന്നതിൽ കോടതി പരാജയപ്പെട്ടാൽ അത് ജനാധിപത്യത്തിന്റെ സമ്പൂർണ്ണ തകർച്ചയായിരിക്കുമെന്നും കത്തിൽ ഇന്ത്യ സഖ്യം മുന്നറിയിപ്പ് നൽകി. 'എല്ലാം പരാജയപ്പെടുമ്പോഴും കോടതിയിൽ ഇപ്പോഴും ജനം വിശ്വാസമർപ്പിക്കുന്നു. എന്നാൽ കോടതിയും പ്രതികരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ അത് ജനാധിപത്യത്തിന്റെ പൂർണ്ണ തകർച്ചയെ സൂചിപ്പിക്കുന്നു. നിയമനിർമ്മാണ സ്ഥാപനങ്ങൾ പൂർണ്ണമായും പരാജയപ്പെടുമ്പോൾ ജനാധിപത്യം അരാജകത്വത്തിലേക്ക് നീങ്ങും'- കത്തിൽ പറയുന്നു.

കോടതിയിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്തേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ കോടതിയുടെ പങ്ക് കോടതി വഹിക്കണം. കോടതിയെ ചോദ്യം ചെയ്യുന്നില്ല. സത്യത്തിൽ, എല്ലാ സംവിധാനങ്ങളും പരാജയപ്പെടുമ്പോൾ കോടതികളെയാണ് സമീപിക്കുക. എന്നാൽ കോടതിയും പരാജയപ്പെട്ടാൽ ഞങ്ങളെന്ത് ചെയ്യും എന്നത് ചോദ്യചിഹ്നമാണ്- കത്തിൽ പറയുന്നു.

കഴിഞ്ഞ 28നായിരുന്ന ഇന്ത്യ സഖ്യം ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സുപ്രീം കോടതിയെ സമീപിക്കുകയല്ലാതെ തങ്ങൾക്ക് മറ്റു മാർഗമില്ലെന്നും കോടതി കൂടി കൈവിട്ടാൽ തങ്ങൾ എന്ത് ചെയ്യും എന്നും കത്തിൽ ചോദിക്കുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്നാണ് പ്രധാനപ്പെട്ട ആരോപണം.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രാജ്യത്തെ ജനങ്ങൾക്ക് വിശ്വാസം നിലനിർത്താൻ കോടതി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കത്ത് പുറത്തുവിടുന്നത് സുതാര്യതക്ക് വേണ്ടിയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.