ജമ്മു: പാക് അധീന കശ്മീരിൽ(പി.ഒ.കെ.) പാകിസ്താൻ സൈന്യം നടത്തുന്ന അതിക്രമങ്ങളിലും മനുഷ്യാവകാശലംഘനങ്ങളിലും പ്രതിഷേധിച്ച് നൂറുകണക്കിന് അഭയാർഥികൾ ജമ്മുവിൽ വെള്ളിയാഴ്ച പ്രതിഷേധിച്ചു. പി.ഒ.കെ.യെ മോചിപ്പിക്കാനും ഇന്ത്യയോട് കൂട്ടിച്ചേർക്കാനും പ്രതിഷേധക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. അഭയാർഥികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എസ്.ഒ.എസ്. ഇന്റർനാഷണൽ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

To advertise here,

പാകിസ്താനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞെന്നും പി.ഒ.കെ.യിൽ സ്വതന്ത്രഭരണമാണെന്ന് പാകിസ്താൻ പറയുമ്പോഴും തങ്ങളുടെ ഭാവി തിരഞ്ഞെടുക്കാൻപോലും അവിടത്തെ ആളുകൾക്ക് അവസരമില്ലെന്നും എസ്.ഒ.എസ്. ചെയർമാൻ രാജീവ് ചുനി പറഞ്ഞു.

വെള്ളം, വൈദ്യുതി, വിനോദസഞ്ചാരം, ധാതുക്കൾ തുടങ്ങി പി.ഒ.കെ.യിലെ പ്രകൃതിവിഭവങ്ങൾ പാകിസ്താൻ ചൂഷണം ചെയ്യുകയാണെന്നും ചുനി ആരോപിച്ചു. എന്നാൽ, ഇതിന്റെ ഗുണമൊന്നും പ്രാദേശിക ജനതയ്ക്ക് ലഭിക്കുന്നില്ല. അവർ അവിടെനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുകയാണെന്നും ആളുകൾ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.