മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിന് നേരെയുണ്ടായ വധശ്രമക്കേസിൽ പുതിയ വെളിപ്പെടുത്തൽ. ടൈഗറിനെ ലക്ഷ്യംവെക്കാൻ കാരണം, മുൻപൊരിക്കൽ അദ്ദേഹം സൽമാൻ ഖാനെ പൊതുവേദിയിൽ പുകഴ്ത്തിയതാണെന്ന് അറസ്റ്റിലായ പ്രതികളിൽ ഒരാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വെളിപ്പെടുത്തൽ.

To advertise here,

2022-ൽ ഒരു സിനിമാ പ്രചാരണ പരിപാടിയിൽവെച്ചാണ് സൽമാനെ ടൈഗർ പുകഴ്ത്തിയത്. സിനിമാമേഖലയിലെ ഒരേയൊരു 'ടൈഗർ' അത് സൽമാൻ ആണെന്നായിരുന്നു അന്ന് ടൈഗർ ഷ്‌റോഫ് പറഞ്ഞത്.

ടൈഗർ ഷ്‌റോഫിന് നേരെ ആക്രമണമുണ്ടാകാനുള്ള കാരണം അദ്ദേഹവും സൽമാനും തമ്മിലുള്ള അടുത്തബന്ധമാണെന്ന വിധത്തിലുള്ള വാർത്തകൾ നേരത്തെതന്നെ പുറത്തെത്തിയിരുന്നു. അതിനിടെയാണ്, പ്രതികളിലൊരാൾ കാരണത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

ഞായറാഴ്ച ജുഹുവിലെ ഒരു മൈതാനത്തുനിന്ന് ഫുട്‌ബോൾ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ടൈഗറിനെതിരേ വധശ്രമമുണ്ടായത്. രണ്ട് അക്രമികൾ ടൈഗറിന്റെ വാഹനത്തിനുനേർക്ക് ഏഴുവട്ടമാണ് വെടിയുതിർത്തത്. പിന്നാലെ കൂട്ടാളിയായ മറ്റൊരാൾക്കൊപ്പം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. അക്രമികളുടെ വെടിയേറ്റ് ടൈഗറിന്റെ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം രംഗത്തെത്തി. ആക്രമണം നടന്നതിന്റെ തൊട്ടുപിറ്റേന്ന് കോട്ട റെയിൽവേ സ്‌റ്റേഷനിൽ, പുണെ-ജയ്പുർ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിൽനിന്നാണ് മൂന്നുപ്രതികളെ പിടികൂടിയത്.