
സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ മകൾ മണിബെൻ പട്ടേൽ ഗുജറാത്തിയിലെഴുതിയ ഡയറിക്കുറിപ്പുകൾ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കൈമാറുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്
ന്യൂഡൽഹി: പാർലമെന്റിലേക്ക് പ്രവേശിക്കുംമുൻപ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ മകൾ മണിബെൻ പട്ടേലിന്റെ ഗുജറാത്തിയിലുള്ള ഡയറിക്കുറിപ്പുകൾ കൈമാറി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്. വ്യാഴാഴ്ച രാവിലെ പാർലമെന്റിലെ പ്രവേശനകവാടമായ മകരദ്വാറിൽ, മന്ത്രി കാറിൽനിന്ന് ഇറങ്ങിയപ്പോഴാണ് ജയറാം രമേഷ് ഡയറിയുടെ പകർപ്പുകൾ കൈമാറിയത്.
പൊതുപണം ഉപയോഗിച്ച് ബാബറി മസ്ജിദ് പണിയാൻ നെഹ്‌റു ശ്രമിച്ചെന്നും സർദാർ വല്ലഭ്‌ഭായ് പട്ടേൽ അത് തടഞ്ഞെന്നും രാജ്നാഥ് സിങ് ഈയിടെ ഗുജറാത്തിൽ പ്രസംഗിച്ചിരുന്നു. സിങ്ങിന്റെ പരാമർശം മണിബെൻ പട്ടേലിന്റെ ഡയറിക്കുറിപ്പ് അടിസ്ഥാനപ്പെടുത്തിയാണെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി പത്രസമ്മേളനത്തിലും പറഞ്ഞു. ഇതാണ് ഡയറിക്കുറിപ്പ് കൈമാറാൻ കാരണം. സിങ്ങിന്റെ ആരോപണം ഡയറിക്കുറിപ്പിലില്ലെന്നും ഇത് വായിക്കണമെന്നും ജയറാം രമേഷ് പറഞ്ഞു.
തന്റെ പക്കൽ ഇംഗ്ലീഷുണ്ടെന്നും ഗുജറാത്തി തനിക്കറിയില്ലെന്നും രാജ്‌നാഥ് സിങ് പ്രതികരിച്ചു.
സിങ്ങിന്റെ വാദത്തെ ഖണ്ഡിക്കാനായി ജയറാം രമേഷ് പട്ടേലിന്റെ മകളുടെ ഡയറിക്കുറിപ്പുകൾ എക്സിൽ പങ്കുവെച്ചിരുന്നു. തെറ്റുകൾ പ്രചരിപ്പിച്ചതിന് സിങ് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് പ്രതിരോധമന്ത്രി നുണകൾ പ്രചരിപ്പിക്കുന്നതെന്നും രമേഷ് കുറ്റപ്പെടുത്തി. രാജ്നാഥ് സിങ്ങിന്റെ വിമർശനത്തിനെതിരേ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാഗാന്ധി നേരിട്ട് രംഗത്ത് വന്നിരുന്നു. നെഹ്‌റുവിന്റെ ഓർമ്മകൾ മായ്ക്കുക മാത്രമല്ല, രാജ്യത്തിന്റെ അടിസ്ഥാനഘടകങ്ങൾ തകർക്കുകയും അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുകയുമാണ് ഭരണകക്ഷിയുടെ ലക്ഷ്യമെന്ന് സോണിയ പ്രതികരിച്ചു.
Published: 12 Dec 2025, 06:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented