
ഭോപ്പാൽ: ജബൽപുർ ബോട്ടപകടത്തിൽ കണ്ടെടുത്ത മൃതദേഹങ്ങളിൽ ഒരു യുവതിയും നാലു വയസ്സുകാരനായ മകനും ലൈഫ്ജാക്കറ്റിനുള്ളിൽ കെട്ടിപ്പിടിച്ചിരിക്കുന്ന കാഴ്ച ഏവരെയും നൊമ്പരപ്പെടുത്തിയിരുന്നു. അപകടത്തിന് തൊട്ടുമുമ്പുള്ള ബോട്ടിൽനിന്നുള്ള ദൃശ്യം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ബോട്ടിൽ വെള്ളം കയറിക്കൊണ്ടിരിക്കുമ്പോൾ മകനെ ഈ അമ്മ ചേർത്ത് പിടിച്ച് ഇരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ബോട്ട് വെള്ളത്തിൽ മുങ്ങിത്തുടങ്ങിയപ്പോഴാണ് യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ കൈമാറിയതെന്നും ഈ ദൃശ്യങ്ങളിൽ കാണുന്നുണ്ട്.
ബോട്ടിന്റെ ഇടതുവശത്തായി ഈ അമ്മയും മകനും ഇരിക്കുന്നത് കാണാം. വ്യാഴാഴ്ച വൈകുന്നേരം ബർഗി ഡാം റിസർവോയറിലാണ് ഇവരടക്കം സഞ്ചരിച്ച ക്രൂസ് ബോട്ട് മുങ്ങുന്നത്. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം കണ്ടെടുത്ത മൃതദേഹങ്ങളിൽ ഈ അമ്മയുടെയും കുഞ്ഞിന്റെതും ഉണ്ടായിരുന്നു. ഒരേ ലൈഫ് ജാക്കറ്റിനുള്ളിൽ കെട്ടിപ്പിടിച്ചിരിക്കുന്ന രീതിയിലായിരുന്നു അവരുടെ മൃതദേഹങ്ങൾ. ഈ കാഴ്ച ജബൽപുർ ദുരന്തത്തിന്റെ ഏറ്റവും വേദനാജനകമായ ഒന്നായി മാറി. ഇവരുടെ മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചപ്പോൾ വൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. സ്ഥലം സന്ദർശിച്ച മധ്യപ്രദേശ് കാബിനറ്റ് മന്ത്രി രാകേഷ് സിങ് അടക്കം പൊട്ടിക്കരഞ്ഞു.
ഇതിനിടെ ഈ അമ്മയുടെയും കുഞ്ഞിന്റെതുമാണെന്ന് അവകാശപ്പെട്ട് വ്യാജ ഐഐ നിർമിത ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപകടത്തിൽ ഇതുവരെ ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആറ് വിനോദ സഞ്ചാരികളെ ഇനിയും കണ്ടെത്താനുണ്ട്. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകാത്തതടക്കമുള്ള സുരക്ഷാവീഴ്ചകളെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന്, സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 28 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതിന് പുറമെ ഇത്തരം ബോട്ടുകളുടെ പ്രവർത്തനം സംസ്ഥാനത്ത് നിരോധിക്കുകയും ചെയ്തു.
കുട്ടികളടക്കം ഏകദേശം 40 പേർ ബോട്ടിലുണ്ടായിരുന്നു. പെട്ടെന്ന് കാലാവസ്ഥ മാറിയപ്പോൾ തിരിച്ച് പോകാൻ മുന്നറിയിപ്പുകളുണ്ടായിട്ടും ഡ്രൈവർ ഇത് അവഗണിച്ചെന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
'യാത്രക്കാരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. അവ ബോട്ടിൽ എവിടെയോ സൂക്ഷിച്ചിരുന്നു. വെള്ളം ബോട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അവ വിതരണം ചെയ്യാൻ ശ്രമിച്ചു, പക്ഷെ അത് പരിഭ്രാന്തിയിലേക്കും തർക്കത്തിലേക്കും നയിച്ചു. നിമിഷങ്ങൾക്കകം ബോട്ട് മറിഞ്ഞു' യാത്രക്കാരി പറഞ്ഞു. മുന്നറിയിപ്പ് ലഭിച്ചപ്പോൾ തന്നെ ബോട്ട് തിരിച്ചുവിട്ടിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: New video footage shows the boat taking on water before sinking in Bargi Dam., A mother and her 4-year-old son were found dead
Published: 02 May 2026, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented