ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തെ (എസ്‌ഐആർ)ച്ചൊല്ലി തിരഞ്ഞെടുപ്പു കമ്മിഷനുള്ളിൽത്തന്നെ ഭിന്നതകളുണ്ടായിരുന്നെന്ന വാർത്ത പുറത്തെത്തിയതിന് പിന്നാലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഉന്നമിട്ട് കോക്രോച്ച് ജനതാ പാർട്ടി. ‘തിരഞ്ഞെടുപ്പ് കമ്മിഷൻ നന്നാക്കൂ! ഡൽഹിയിൽ പ്രധാനപ്പെട്ട വാർത്താസമ്മേളനം. ഗ്യാനേഷ് it’s done bro’ എന്ന കുറിപ്പുമായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ രംഗത്തെത്തി. ബുധനാഴ്ചയാണ് ഈ കുറിപ്പ് ദിപ്‌കെ സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെവെച്ചത്.

To advertise here,

നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ കാലാവസ്ഥാപ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അനുഷ്ഠിച്ചുവരവേ ബോളിവുഡ് താരം സൽമാൻ ഖാൻ, അദ്ദേഹത്തോട് സമരം അവസാനിപ്പിക്കാൻ അഭ്യർഥിച്ചിരുന്നു. ‘സോനം it’s done bro’ എന്നുതുടങ്ങുന്ന സൽമാന്റെ ആ അഭ്യർഥന പിന്നീട് വലിയതോതിൽ മീമുകൾക്ക് കാരണമായിത്തീരുകയും ചെയ്തിരുന്നു. അതേ പ്രയോഗമാണ് ദിപ്‌കെ, ഗ്യാനേഷിനെതിരേയുള്ള കുറിപ്പിൽ പ്രയോഗിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

മഹാരാഷ്ട്ര-ഗുജറാത്ത് അതിർത്തിയിൽനിന്ന് ഡൽഹിയിലേക്ക് തിരിക്കുകയാണെന്നും ‘ഗ്യാനേഷിനെ വെറുക്കുന്നവർ എല്ലാവരും ഒരുമിച്ചാൽ എന്താകു’മെന്നുമുള്ള സ്റ്റാറ്റസും അഭിജീത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറിനെതിരേയുള്ള പ്രതിഷേധം പ്രതിപക്ഷമൊന്നാകെ ഏറ്റെടുത്താൽ എന്താകുമെന്ന അഭിജീത്തിന്റെ ചോദ്യവും ശ്രദ്ധേയമാണ്.

തിരഞ്ഞെടുപ്പു കമ്മിഷനിലെ ഭിന്നതയെക്കുറിച്ചുള്ള വാർത്തകൾ പുറത്തെത്തിയതിന് പിന്നാലെ പ്രതിപക്ഷം രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ അഭിജീത്തിന്റെ ചോദ്യത്തിന് പ്രസക്തിയേറെയാണ്. 

നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടായിരുന്നു സിജെപിയുടെ പ്രതിഷേധം. സിജെപി പ്രതിഷേധം ആരംഭിച്ച് 36 ദിവസത്തിന് ശേഷം പ്രധാന് രാജിവെക്കേണ്ടിവന്നു. പിന്നാലെ രാജ്യത്തെ സ്‌കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി സ്‌കൂൾ ഠീക്ക് കരോ ക്യാമ്പയിൻ സിജെപി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ സ്‌കൂളുകൾ സന്ദർശിക്കുകയും അവിടങ്ങളിലെ ശോച്യാവസ്ഥ പുറംലോകത്തെ സിജെപി പ്രവർത്തകർ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പു കമ്മിഷനിലെ ഭിന്നതാപ്രശ്‌നം പുറത്തെത്തുന്നത്.