ഡെറാഡൂൺ: ശത്രുക്കളെ തുരത്താന്‍ അതിര്‍ത്തി കാക്കുന്ന സേനാംഗങ്ങള്‍ക്ക് ഇത്തരത്തിലൊരു വേഷം കെട്ടലിന്റെ ആവശ്യം വരില്ലെന്ന് തീര്‍ച്ച. ഉത്തരാഖണ്ഡിലെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ക്യാംപിലെ കുരങ്ങന്മാരുടെ ശല്യം അകറ്റാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്ന വീഡിയോയാണ് ഇന്റര്‍നെറ്റിലിപ്പോള്‍ വൈറലായിരിക്കുന്നത്.

To advertise here,

മനുഷ്യരുടെ പൂര്‍വികരാണെന്ന തെറ്റിദ്ധാരണ കുരങ്ങന്മാര്‍ക്കുമുണ്ടെന്ന് സംശയിക്കത്ത വിധത്തിലാണ് ഇവയുടെ പെരുമാറ്റം. മനുഷ്യരെ കണ്ടാല്‍ ഒട്ടും ഭയപ്പെടാത്ത ഇവയെ അകറ്റാന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ മാര്‍ഗം കരടിയായി വേഷം കെട്ടുകയാണ്‌. ഉത്തരാഖണ്ഡ് മിര്‍ഥിയിലെ ക്യാംപില്‍ രണ്ട്‌ ഉദ്യോഗസ്ഥര്‍ കരടിവേഷം ധരിച്ച് കുരങ്ങന്മാരുടെ പിന്നാലെ ഓടുന്നതാണ് വീഡിയോയില്‍.

വലുതും ചെറുതുമായി ഒരു സംഘം കുരങ്ങന്മാരാണ് ക്യംപിന് സമീപം. ക്യാംപിന്റെ ഉള്ളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണിവ. പെട്ടെന്നാണ് രണ്ട് കരടികള്‍ കെട്ടിടത്തിനകത്തു നിന്ന് പുറത്തേക്ക് വരുന്നത്. അവയെ കണ്ട പാതി കാണാത്ത പാതി കുരങ്ങന്മാര്‍ സ്ഥലം കാലിയാക്കുന്നത് കാണാം.തട്ടുതട്ടായി തിരിച്ചിരിക്കുന്ന ക്യാംപതിര്‍ത്തിയില്‍ നിന്ന് റോഡ് കടന്ന് വനത്തിലേക്കാണ് കുരങ്ങന്മാര്‍ ഓടിപ്പോകുന്നത്. 

എഎന്‍ഐ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് ഇരുപത്തിനാല് മണിക്കൂറാകുന്നതിന് മുമ്പ് തന്നെ ഇരുപതിനായിരത്തിലധികം പേര്‍ വീഡയോ കണ്ടു കഴിഞ്ഞു. ചിരിയുണര്‍ത്തുന്ന വീഡിയോയോട് നിരവധി പേര്‍ പ്രതികരിക്കുകയും നിരവധി പേര്‍ വീഡിയോ റിട്വീറ്റ് ചെയ്യുകയും ചെയ്തു. രാജ്യാതിര്‍ത്തി കാക്കാന്‍ പാവം സൈനികര്‍ എന്തൊക്കെ ചെയ്യണം എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ പാവം കുരങ്ങന്മാരെന്ന് കമന്റ് ചെയ്തവരുമുണ്ട്. എന്തായാലും അതിരു കാക്കുന്ന സൈനികരുടെ 'ഫാന്‍സിഡ്രസ് 'സൂപ്പര്‍ ഹിറ്റായി എന്നു പറഞ്ഞാല്‍ മതി. 

 

Content Highlights: ITBP personnel disguised themselves as bears to chase away monkeys