പട്‌ന: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിൽ പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നുവെന്ന വാർത്തകൾ ഇറാൻ തള്ളി. ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയായ അബ്ദുൾ മജിദ് ഹക്കീം ഇലാഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾക്ക് ഇസ്ലാമാബാദ് സൗകര്യമൊരുക്കുന്നുവെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക വിപണിയിലെ എണ്ണവിലയെ സ്വാധീനിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ നടക്കുന്നത്. ചർച്ചകളിലോ നയതന്ത്ര നീക്കങ്ങളിലോ പാകിസ്താൻ ഗൗരവം കാണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മുൻ ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ അനുശോചന ചടങ്ങിൽ പങ്കെടുക്കാൻ പട്‌നയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

To advertise here,

''പാകിസ്താന് ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ല. പാകിസ്താൻ വഴി ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ നടക്കുന്നുവെന്നത് സത്യമായിരുന്നില്ല. കാരണം വെറുതെ സംസാരിക്കുന്നതിലൂടെ എണ്ണവില പിടിച്ചുനിർത്താൻ അവർ ആഗ്രഹിച്ചു. ചർച്ചകളിലൊ ഒത്തുതീർപ്പുകളിലൊ സംഭാഷണങ്ങളിലൊ യാതൊരു ഗൗരവവും കാണിച്ചിരുന്നില്ല. അവർക്ക് ചില രാജ്യങ്ങളെ ഉപയോഗിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ചർച്ചകൾക്കും ഒത്തുതീർപ്പുകൾക്കും തയ്യാറാണെന്ന് അവർ വിളിച്ചുപറഞ്ഞു. അതൊന്നും സത്യമായിരുന്നില്ല''-അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണമാണ് നിലവിലെ സംഘർഷങ്ങൾക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാൻ യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്നും ആശുപത്രികളും സ്‌കൂളുകളും സിവിലിയൻ പാർപ്പിടങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണം ആരംഭിച്ചവർ അത് നിർത്തിയാൽ യുദ്ധം അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങൾക്കും സമാധാനശ്രമങ്ങളിൽ വലിയ പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫെബ്രുവരിയിലെ ആക്രമണത്തിൽ അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന്, ഇറാൻ നടത്തിയ തിരിച്ചടികൾ അന്താരാഷ്ട്ര ഊർജ വിപണിയെയും ആഗോള സാമ്പത്തിക സ്ഥിരതയെയും ബാധിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ലോകനേതാക്കൾ ഒന്നിച്ച് നിൽക്കണമെന്നും ഇലാഹി ആഹ്വാനം ചെയ്തു.