ടെഹ്റാൻ: ശത്രുക്കളെ അറബിക്കടലിൽനിന്ന് ഉടൻ തുരത്തിയോടിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി. അമേരിക്കയുടെ പേര് നേരിട്ട് പരാമർശിക്കാതെയാണ് അദ്ദേഹത്തിന്റെ പരാമർശം. നിലവിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ 'അധിനിവേശ ശക്തികൾ' ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ-ഇറാഖ് യുദ്ധ വാർഷികത്തിന്റെയും ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്റുള്ളയുടെ ചരമവാർഷികത്തിന്റെയും ഭാഗമായുള്ള പ്രത്യേക സന്ദേശത്തിലാണ് ഖമേനിയുടെ പരാമർശം.

To advertise here,

ആധിപത്യ വ്യവസ്ഥയുടെ ദല്ലാളുകൾ ആക്രമണം തുടങ്ങിയ കാലത്ത്, വിവിധ ഭീഷണികളെ പ്രതിരോധിക്കാൻ മുൻ ഭരണകൂടത്തിൽനിന്ന് രാജ്യത്തിന് യാതൊരുവിധ സന്നാഹങ്ങളും ലഭിച്ചിരുന്നില്ലെന്നും മുജ്തബ ഖമേനി പറഞ്ഞു. എന്നാൽ, അതിനുശേഷം ഇറാൻ തങ്ങളുടെ സൈനിക ശേഷി വലിയ തോതിൽ വർധിപ്പിച്ചു. അതിനാൽ ഇറാൻ സേനയുടെ ആക്രമണങ്ങളിൽനിന്ന് രക്ഷതേടാനും യുദ്ധം അവസാനിപ്പിക്കാനും എതിരാളികൾ തന്നെ ഇപ്പോൾ അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാന്റെ തെക്കൻ തീരത്തുനിന്ന് 'ശത്രുക്കളെ' അറബിക്കടലിലേക്ക് തുരത്തിയോടിക്കാൻ ഇറാൻ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുജ്തബ അവകാശപ്പെട്ടു. കനത്ത തിരിച്ചടി നേരിട്ടതിനാൽ അറേബ്യൻ കടലിനപ്പുറത്തേക്ക് കടന്നുവരാൻ ശത്രുക്കൾ ഭയപ്പെടുകയാണ്. അതിന് മുതിർന്നപ്പോഴൊക്കെ അവർക്ക് നാശനഷ്ടങ്ങൾ മാത്രമാണ് നേരിടേണ്ടിവന്നത്. അറബിക്കടലിൽനിന്ന് അവരുടെ സാന്നിധ്യം പൂർണമായും തുടച്ചുനീക്കപ്പെടുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.