ന്യൂഡല്‍ഹി: ഇറാനിലെ ചാബഹാര്‍ തുറമുഖത്തിന് മേലുള്ള അമേരിക്കന്‍ ഉപരോധങ്ങളില്‍ ആറുമാസത്തെ ഇളവ് അനുവദിച്ചതായി ഇന്ത്യ. യുഎസ് ആറുമാസത്തെ ഇളവ് അനുവദിച്ചെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഇളവ് ബുധനാഴ്ച പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ചബഹാര്‍ തുറമുഖം, ഇറാനുമായുള്ള വ്യാപാരത്തിനും ഗതാഗതത്തിനും നിര്‍ണായകമായ കവാടമായാണ് കണക്കാക്കുന്നത്.

To advertise here,

തുറമുഖത്ത് ഇന്ത്യക്ക് സാന്നിധ്യം അനുവദിച്ചുകൊണ്ട് യുഎസ് ദീര്‍ഘകാലമായി ഉപരോധത്തില്‍ ഇളവ് വരുത്തിയിരുന്നു. എന്നാല്‍, ട്രംപ് ഭരണകൂടം ഒരുമാസംമുന്‍പ് ഇത് റദ്ദാക്കി. തുടര്‍ന്നാണിപ്പോള്‍ പുതിയ നീക്കം. 'ചാബഹാറിന് ബാധകമായ അമേരിക്കന്‍ ഉപരോധങ്ങളില്‍ ആറുമാസത്തെ ഇളവ് ലഭിച്ചു എന്ന് സ്ഥിരീകരിക്കാനായിട്ടുണ്ട്,' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതിവാര മാധ്യമ സമ്മേളനത്തിനിടെ പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച്, ഇന്ത്യ ചര്‍ച്ചയ്ക്കായി സമീപിച്ചതിനെത്തുടര്‍ന്ന് യുഎസ് ഭരണകൂടം ആദ്യം ഒരു മാസത്തെ ഇളവ് അനുവദിക്കുകയായിരുന്നു. അതിനുശേഷമാണ് ഈ ആഴ്ച യുഎസ് ഔദ്യോഗികമായി ആറുമാസത്തെ ഇളവ് നല്‍കിയത്.

ചാബഹാര്‍ തുറമുഖത്തിന് 2018-ല്‍ നല്‍കിയ ഉപരോധ ഇളവ് സെപ്റ്റംബര്‍ 29-ന് റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് പദത്തില്‍ ആദ്യതവണ വന്നപ്പോഴായിരുന്നു ആ ഇളവ്. യുഎസ് സൈന്യം അഫ്ഗാന്‍ താലിബാനുമായി പോരാടിയിരുന്ന സമയത്ത്, പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്ക് ബദല്‍ കണക്റ്റിവിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്. അന്ന് ഇന്ത്യയും യുഎസും കാബൂളിലെ മുന്‍ സിവില്‍ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് തന്ത്രപരമായും സാമ്പത്തികമായും വളരെ പ്രധാനപ്പെട്ട ഒന്നാണ് ചാബഹാര്‍ തുറമുഖം. അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും വ്യാപാരത്തിനായി പാകിസ്താനെ ആശ്രയിക്കാതെ കടന്നുപോകാന്‍ കഴിയുന്ന സുരക്ഷിത പാതയാണിത്. ഇന്ത്യയെ റഷ്യ, അസര്‍ബൈജാന്‍, യൂറോപ്പ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ചെലവു കുറഞ്ഞതും വേഗമേറിയതുമായ പാതകൂടിയാണിത്.