പാകിസ്താന്റെ മോഹന വാഗ്ദാനത്തില്‍ ട്രംപ് വീഴുമോ? പസ്‌നിയില്‍ ഇന്ത്യയ്ക്കുള്ള വെല്ലുവിളികള്‍
അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന പാകിസ്താനിലെ തീരദേശ പട്ടണം, പസ്‌നി. ഇറാനില്‍ ഇന്ത്യ നിര്‍മിക്കുന്ന ചബഹാര്‍ തുറമുഖത്തില്‍നിന്ന് 330 കിലോമീറ്റര്‍ മാത്രം അകലെ. അമേരിക്കന്‍ സഹായത്തോടെ ഇവിടെയൊരു തുറമുഖം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് പാകിസ്താന്‍. ഇന്ത്യയുടെ അഭിമാനമായ വിഴിഞ്ഞത്തിന് സമാനമായൊരു തുറമുഖം, അതാണ് പസ്‌നിയില്‍ പാകിസ്താന്റെ ലക്ഷ്യം. പദ്ധതി യാഥാര്‍ഥ്യമായാല്‍ പാകിസ്താനെ കൂട്ടുപിടിച്ച് ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളിലൊന്നില്‍ ചുവടറുപ്പിക്കാന്‍ യു.എസിനാകും.
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ ഞെട്ടിയ പാകിസ്താന്‍ സമീപകാലത്തായി അമേരിക്കയുമായി അടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കഴിഞ്ഞ ആറുമാസത്തിനിടെ പാക് സൈനിക മേധാവി അസീം മുനീര്‍ മൂന്ന് തവണ അമേരിക്കിയിലെത്തി. പാക് പ്രധാനമന്ത്രി ഷെഹാബാസ് ഷെരീഫും നേരിട്ടെത്തി ട്രംപുമായി ചങ്ങാത്തം ദൃഢമാക്കുന്നു. ട്രംപിനെ പ്രതീപ്പെടുത്താന്‍ പാകിസ്താനിലെ അപൂര്‍വ്വ ധാതുക്കള്‍ സമ്മാനിക്കുന്നു. ഇങ്ങനെ ഏതുവിധേനയും ട്രംപിനെ വരുതിയിലാക്കാനുള്ള പാകിസ്താന്റെ പുതിയ അടവുകളിലൊന്നായി പസ്‌നി തുറമുഖ പദ്ധതിയെ വിലയിരുത്താം.
ചൈനയ്ക്കുള്ള യുഎസ് ബദല്‍
ചൈനീസ് സഹായത്തോടെ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഗ്വാദര്‍ തുറമുഖത്ത് നിന്ന് 161 കിലോമീറ്റര്‍ അകലെയാണ് പസ്‌നി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്കായി ചൈന കൂടുതല്‍ ആശ്രയിക്കുന്നതും പാകിസ്താനിലെ ഈ തുറമുഖത്തേയാണ്. അതിന് തൊട്ടടുത്തായി തങ്ങളുടെ നിയന്ത്രണത്തില്‍ ഒരു തുറമുഖം ലഭിക്കുക എന്നത് അമേരിക്കയ്ക്ക് വലിയ നേട്ടമാണ്. ചൈനയുമായുള്ള അമേരിക്കയുടെ കിടമത്സരം വര്‍ധിപ്പിക്കാനും പസ്‌നി തുറമുഖം അവസരമൊരുക്കും.
ജോ ബൈഡന്റെ ഭരണകാലത്ത് താലിബാനും ഭീകര സംഘടനകളുമായുള്ള ബന്ധം കണക്കിലെടുത്ത് അമേരിക്ക പാകിസ്താനെ ഒരു കയ്യകലത്തിലാണ് നിര്‍ത്തിയിരുന്നത്. എന്നാല്‍ ട്രംപാകട്ടെ ഏഷ്യയിലേക്കും പ്രത്യേകിച്ച് ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ക്ക് സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ പാകിസ്താനോട് തുറന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമാണ് പസ്‌നി തുറമുഖ പദ്ധതി പോലും. തുഖമുഖ നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ ഇറാനിലേക്കും മറ്റുമുള്ള വ്യാപാര സാധ്യതകള്‍ വര്‍ധിക്കുമെന്നും അറബിക്കടലിലും മധ്യേഷ്യയിലും യുഎസ് സ്വാധീനം ശക്തിപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടുന്ന പാകിസ്താന്‍ സ്വന്തം പ്രകൃതിവിഭവങ്ങള്‍ വെച്ചുനീട്ടി ട്രംപിനെ വീഴ്ത്താന്‍ ശ്രമിക്കുന്നത്.
ഇറാനുമായും അഫ്ഗാനിസ്താനുമായും അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്താന്‍ പ്രവിശ്യയിലാണ് പസ്‌നി സ്ഥിതി ചെയ്യുന്നത്. ഇത്രയും തന്ത്രപ്രധാനമായ മേഖലയില്‍ അമേരിക്കയ്ക്ക് ഒരു തുറമുഖം വെച്ചുനീട്ടിയ പാകിസ്താന്റെ ഓഫര്‍ അത്ര ചെറുതല്ലെന്ന് ചുരുക്കം. തുറമുഖ നിര്‍മാണത്തിന് അമേരിക്കയെ ക്ഷണിച്ചെങ്കിലും പസ്‌നിയെ അവര്‍ക്കുള്ള ഒരു സൈനിക താവളമാക്കാന്‍ പാകിസ്താന് പദ്ധതിയില്ലെന്നാണ് വിവരം. പസ്‌നിയെ ഒരു ആഴക്കടല്‍ തുറമുഖമാക്കി വികസിപ്പിക്കുകയാണ് പാകിസ്താന്റെ ലക്ഷ്യം. അതായത് വിഴിഞ്ഞത്തിന് സമാനമായി വ്യാപരത്തിനായിരിക്കും പ്രാധാന്യം. വലിയ മദര്‍ഷിപ്പുകള്‍ക്ക് വരെ അടുക്കാവുന്ന വിഴിഞ്ഞം മാതൃകയിലുള്ള ആഴക്കടല്‍ തുറമുഖം ഇവിടെ നിര്‍മിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അങ്ങനെയാരു ആഴക്കടല്‍ തുറമുഖത്തിന് പസ്‌നി അനുയോജ്യമാണെന്ന സ്ഥിരീകരിക്കാവുന്ന റിപ്പോര്‍ട്ടുകളൊന്നും ഇതുവരേയും പുറത്തുവന്നിട്ടില്ല.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖം നിര്‍മിച്ചതും പ്രവര്‍ത്തിപ്പിക്കുന്നതും ചൈനയാണ്. ഇതിന് സമീപമാണ് ഇന്ത്യ ഇറാനിലെ ചബഹാര്‍ തുറമുഖം നിര്‍മിക്കുന്നത്. ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യ ഏറ്റെടുക്കുന്നതും ഇതാദ്യമായിരുന്നു. എന്നാല്‍ അടുത്തിടെ യുഎസ് ഇതിന് ഉപരോധം ഏര്‍പ്പെടുത്തിയത് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയിരുന്നു. അപ്പോഴാണ് അമേരിക്കയെ കൂട്ടുപിടിച്ച് പസ്‌നിയുമായി പാകിസ്താന്‍ രംഗത്തെത്തുന്നത്. റഷ്യന്‍ ഇന്ധനത്തിന്റെ കാര്യത്തില്‍ ഇന്ത്യയുമായി യു.എസ് ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യം മുതലെടുത്ത് കൂടിയാണ് പുതിയ തുറമുഖത്തിനായുള്ള പാകിസ്താന്റെ നീക്കമെന്നും നയതന്ത്ര രംഗത്തെ വിദഗ്ധര്‍ കരുതുന്നു. ചബഹാര്‍ തുറമുഖത്തിന് ബദലമായി യു.എസിന്റെ സഹായത്തോടെ മറ്റൊരു തുറമുഖം നിര്‍മിച്ച് മേഖലയില്‍ ഇന്ത്യയുടെ സ്വാധീനം തടയുകയും പാകിസ്താന്റെ ലക്ഷ്യമാണ്. ഇത്തരമൊരു തുറമുഖം വരുന്നതോടെ മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് യു.എസ് വ്യാപാരം എളുപ്പമാകും. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനും സാധിക്കും. ഫലത്തില്‍ പസ്‌നി തുറമുഖം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തലുകളുണ്ട്.
പച്ചക്കൊടി കാണിക്കാതെ വൈറ്റ് ഹൗസ്
ഏകദേശം 1.2 ബില്യണ്‍ ഡോളര്‍ അതായത് 10,000 കോടി രൂപയുടെ മുതല്‍മുടക്കാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. അടുത്തിടെ നടന്ന അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പദ്ധതി സംബന്ധിച്ച ആശയം പാക് സൈനിക മേധാവി അസീം മുനീര്‍ ട്രംപിനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമൂല്യമായ ചില ധാതുക്കളടങ്ങിയ ഒരു പെട്ടി പാക് പ്രധാനമന്ത്രിയും അസീം മുനീറും ചേര്‍ന്ന് ട്രംപിന് കൈമാറുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതെല്ലാം തുറമുഖ നിര്‍മാണത്തിന് ട്രംപിനെ അനുനയിപ്പിക്കാനുള്ള തന്ത്രമായിരുന്നോ എന്നും സംശയിക്കാം. എന്നാല്‍ പാക് താത്പര്യപ്രകാരം പസ്‌നിയില്‍ ഇത്ര വലിയ നിക്ഷേപത്തിന് പച്ചക്കൊടി കാണിച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല.
പാകിസ്താനില്‍ ധാരാളം അപൂര്‍വ ധാതുക്കളുള്ള ബലൂചിസ്താന്‍ പ്രവിശ്യയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് പസ്‌നി. ഇവിടേക്ക് അമേരിക്കന്‍ നിക്ഷേപവര്‍ക്ക് കൂടി പ്രവേശനം നല്‍കുന്നതാണ് തുറമുഖ പദ്ധതി. അപൂര്‍വ ധാതുക്കളാല്‍ സമ്പന്നമായ രാജ്യത്തെ വിവിധ മേഖലകളില്‍ ഖനന, സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ പാക് പ്രധാനമന്ത്രി യു.എസ് നിക്ഷേപകരെ ക്ഷണിച്ചിരുന്നു. അമേരിക്കയിലെ യുഎസ് സ്ട്രാറ്റജിക്ക് മെറ്റല്‍സ് പോലുള്ള കമ്പനികള്‍ പാകിസ്താനിലെ മിലിറ്ററി എന്‍ജിനീയറിങ് കമ്പനിയുമായി ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച അമേരിക്കയിലേക്ക് പാകിസ്താന്‍ കയറ്റിയയച്ച ധാതുവിഭവങ്ങളുടെയും അപൂര്‍വമൂലകങ്ങളുടെയും ആദ്യത്തെ ബാച്ച് ഈ കമ്പനിക്കായിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ തുറമുഖ നീക്കം ചര്‍ച്ചയാകുന്നത്. ബലൂചിസ്താനടക്കം പടിഞ്ഞാറന്‍ പ്രവിശ്യകളെ കൂട്ടിയിണക്കി റെയില്‍ ശൃംഖലയുണ്ടാക്കി പാകിസ്താന്റെ ഉള്‍പ്രദേശങ്ങളില്‍നിന്ന് ധാതുക്കള്‍ പസ്‌നിയിലെത്തിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യം.
പാകിസ്താനില്‍ വലിയ തോതില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന നിര്‍ണായക ധാതുക്കളായ ചെമ്പ്, ആന്റിമണി, നിയോഡിമിയം എന്നീ ധാതുക്കള്‍ കയറ്റുമതി ചെയ്യുന്ന പ്രധാന ടെര്‍മിനലാക്കി തുറമുഖത്തെ മാറ്റാമെന്നും പാകിസ്താന്‍ കണക്കുകൂട്ടുന്നു. ബാറ്ററികള്‍ക്കും പ്രതിരോധ സംവിധാനങ്ങള്‍ക്കും വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ് ഇവ. അതിനാല്‍ ഇവയുടെ ആഗോള കയറ്റുമതിയിലൂടെ വലിയ സാമ്പത്തിക ലാഭവും പാകിസ്താന്‍ പ്രതിക്ഷിക്കുന്നു. ഇത്തരം പ്രകൃതി വിഭവങ്ങള്‍ക്കൊപ്പം ക്രൂഡ് ഓയില്‍ കൈകാര്യം ചെയ്യുന്ന ലോകത്തിലെ പ്രധാന സുമുദ്രപാതയില്‍ നിര്‍ണായക സ്വാധീനമാകാനും തുറമുഖ പദ്ധതി ഏറ്റെടുക്കുന്നതോടെ യുഎസിന് സാധിക്കും. എന്നാല്‍ ഒരേസമയം യുഎസ് നിയന്ത്രണത്തിലും ചൈനീസ് നിയന്ത്രണത്തിലും തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇരുരാജ്യങ്ങളേയും തൃപ്തിപ്പെടുത്തി പാകിസ്താന് എങ്ങനെ മുന്നോട്ടുപോകാനാകുമെന്നതും ചോദ്യമാണ്.
പാകിസ്താനുള്ളിലും പ്രതിഷേധം
ട്രില്യണ്‍ കണക്കിന് ഡോളര്‍ വിലമതിക്കുന്ന ധാതു ശേഖരം പാകിസ്താനിലുണ്ടെന്നാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അവകാശവാദം. ധാതു മേഖലയിലെ വിദേശ നിക്ഷേപം പാകിസ്താന്റെ നീണ്ട സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷവെക്കുന്നു. എന്നാല്‍ പാകിസ്താന്റെ ഇപ്പറയുന്ന ധാതു സമ്പത്തിന്റെ ഭൂരിഭാഗവും പാക് സര്‍ക്കാരിനെതിരേ കാലങ്ങളായി വിമത പോരാട്ടം തുടരുന്ന ബലൂചിസ്താന്‍ പ്രവിശ്യയിലാണെന്നതും ശ്രദ്ധേയമാണ്. ബലൂചിസ്താന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവര്‍ വിദേശ സ്ഥാപനങ്ങള്‍ പ്രകൃതി വിഭവങ്ങള്‍ ഖനനം ചെയ്യുന്നതിനെ എതിര്‍ക്കുന്നു. സാമ്പത്തികമായി പിന്നാക്കമുള്ള പ്രവിശ്യയിലെ ധാതുക്കള്‍ അടക്കമുള്ള വിഭവങ്ങള്‍ പാക് സര്‍ക്കാര്‍ കൊള്ളയടിക്കുമെന്നാണ് ബലൂച് വിമതരുടെ ആരോപണം.
എന്തായാലും കരാറിനെതിരെ പാകിസ്താനില്‍ വലിയ പ്രതിഷേധമുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുന്ന രഹസ്യ കരാറുകളിലൂടെയാണ് പ്രകൃതിവിഭവങ്ങള്‍ അമേരിക്കയ്ക്ക് കൈമാറുന്നതെന്ന് ഇമ്രാന്‍ഖാന്‍ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി തെഹ്രീക്കെ ഇന്‍സാഫ് ആരോപിക്കുന്നു. യുഎസ് സന്ദര്‍ശനത്തിനിടെ അപൂര്‍വ്വ ധാതുക്കളടങ്ങിയ ഒരു പെട്ടി ട്രംപിന് സമ്മാനിച്ച അസീം മുനീറിനെതിരേ പ്രതിപക്ഷ പ്രതിഷേധവും പാകിസ്താനില്‍ ശക്തമാണ്. അസീം മുനീര്‍ ഒരു വില്‍പ്പനക്കാരനെ പോലെ പെരുമാറിയെന്നും രാഷ്ട്രീയമായി ഇത് പാകിസ്താന് നാണക്കേടായെന്ന വിമര്‍ശനം വരെ പാക് പാര്‍ലമെന്റില്‍ ഉയര്‍ന്നിരുന്നു. കരസേനാ മേധാവി എന്ത് അധികാരത്തിലാണ് വിദേശ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതെന്നും ഇത് ഭരണഘടനയോടുള്ള അവഹേളനമാണെന്നും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പാകിസ്താന്‍ തീരത്ത് തുറമുഖം നിര്‍മിക്കാന്‍ അമേരിക്കയെ അനുവദിക്കാമെന്ന പാക് സര്‍ക്കാരിന്റെ മോഹന വാഗ്ദാനമെന്നും ശ്രദ്ധേയമാണ്.
Inshort –
Pakistan is planning to develop a new port at Pasni, a coastal town on the Arabian Sea, located just 330 km from India-built Chabahar Port in Iran. The project is reportedly being proposed with U.S. assistance, marking a major strategic move that could reshape the power balance in the region.
Content Highlights: us pasni port projects full details and its impact to india
Published: 08 Oct 2025, 11:16 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented