അമേരിക്കൻ കമ്പനികളുമായി കൂടുതൽ ഇടപാടിന് റിലയൻസിനെ പ്രേരിപ്പിക്കുകയാണ് റൂബിയോയുടെ ലക്ഷ്യമെന്നാണ് സൂചന

അഹമ്മദാബാദ്: യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ ജാംനഗർ സന്ദർശനം റിലയൻസുമായി വമ്പൻ നിക്ഷേപവും ഇറക്കുമതിയും സംബന്ധിച്ച ചർച്ചകൾക്കെന്ന് സൂചന. ഒക്ടോബർ 17 മുതൽ 22 വരെയുള്ള സന്ദർശനത്തിൽ വ്യാപാര ഇടപാടുകൾക്കാണ് പ്രാധാന്യമെന്ന് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഗുജറാത്തിലെ ജാംനഗറിലാണ് റിലയൻസിന്റെ എണ്ണശുദ്ധീകരണശാല. അമേരിക്കൻ ഇടപെടലിനെത്തുടർന്ന്, റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി കമ്പനി കുത്തനെ കുറച്ചിരുന്നു. 2025 വരെ ലോകത്ത് ഏറ്റവുമധികം റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയിരുന്നത് റിലയൻസാണ്. അമേരിക്കൻ ഉപരോധത്തെത്തുടർന്ന് കയറ്റുമതിക്കുള്ള ശുദ്ധീകരണശാലയിൽ റഷ്യൻ ക്രൂഡിന്റെ ഉപയോഗം റിലയൻസ് അവസാനിപ്പിച്ചു. പകരം അമേരിക്കൻ കമ്പനികളുടെ നിയന്ത്രണത്തിലുള്ള വെനസ്വേലൻ ക്രൂഡ് ഓയിൽ ഇറക്കുമതി തുടങ്ങി.
ഒക്ടോബറിൽ ഇന്ത്യയുടെ വെനസ്വേലൻ ക്രൂഡ് ഓയിൽ ഇറക്കുമതി ദിവസം 4,65,000 ബാരലായി ഉയർന്നു. സിംഹഭാഗവും ജാംനഗറിലെ സിക്കാ തുറമുഖത്തേക്കാണ് എത്തുന്നത്. ആഭ്യന്തരവിപണി ലക്ഷ്യമിട്ട് ഒന്നരലക്ഷം ബാരൽ അസംസ്കൃത എണ്ണ റിലയൻസ് റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. അമേരിക്കൻ കമ്പനികളുമായി കൂടുതൽ ഇടപാടിന് പ്രേരിപ്പിക്കുകയാണ് റൂബിയോയുടെ ലക്ഷ്യമെന്നു കരുതുന്നു. ഇത് യു.എസും ഇന്ത്യയുമായുള്ള വ്യാപാരക്കരാറിലും പ്രതിഫലിക്കും. 100 ശതമാനം താരിഫ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത് നിർണായകവുമാണ്.
റിലയൻസിന്റെ പങ്കാളിത്തത്തോടെ ടെക്സസിൽ 300 ബില്യൺ ഡോളറിന്റെ എണ്ണശുദ്ധീകരണശാല നിർമിക്കുമെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർചർച്ചകളും റൂബിയോ ലക്ഷ്യമിടുന്നു.
Content Highlights: US Secretary of State Marco Rubio's visit to Jamnagar focuses on expanding energy cooperation, boosting oil imports from alternative markets, and forging major investment discussions with Reliance Industries.
Published: 17 Oct 2026, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented