ന്യൂയോർക്ക്: ബാൾട്ടിമോർ പാലം തകരാൻ ഇടയാക്കിയ ചരക്ക് കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്ന് കപ്പൽ കമ്പനി. ചരക്കുകപ്പലായ ദാലിയിലെ 22 ജീവനക്കാരും ഇന്ത്യക്കാരെന്ന് കപ്പൽ കമ്പനിയായ സിനെർജി സ്ഥിരീകരിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല.

To advertise here,

സിംഗപ്പുർ പതാകയുള്ള ദാലി, സിനെർജി മറൈൻ ഗ്രൂപ്പിന്റെ കപ്പലാണ്. ബാൾട്ടിമോറിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ. ബാൾട്ടിമോറിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിലാണ് കപ്പൽ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിൽ ഇടിച്ചത്. പാലത്തിന്റെ പ്രധാന തൂണിൽ കപ്പല്‍ ഇടിച്ച് പാലത്തിന്റെ വലിയൊരു ഭാഗം ഒന്നാകെ തകര്‍ന്നുവീണു.

അപകടത്തിൽ കപ്പലിന് തീപിടിക്കുകയും ഡീസൽ നദിയിൽ കലരുകയും ചെയ്തു. സംഭവസമയം പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. വെള്ളത്തില്‍ വീണ് 20 പേരെ കാണാതായതായെന്നും ഏഴ് വാഹനങ്ങൾ നദിയിലേക്ക് വീണെന്നുമായിരുന്നു പ്രാദേശിക മാധ്യമങ്ങൾ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 

27 ​ദിവസം നീളുന്ന യാത്രാപദ്ധതിയായിരുന്നു അധികൃതർ കപ്പലിന് തയ്യാറാക്കിയിരുന്നത്. ഏപ്രിൽ 22-ന് കപ്പൽ കൊളംബോയിൽ എത്തിച്ചേരേണ്ടതായിരുന്നു. പനാമയിൽനിന്നും മാർച്ച് 19-നാണ് കപ്പൽ ന്യൂയോർക്കിൽ എത്തിയത്. തുടർന്ന് ശനിയാഴ്ച ബാൾട്ടിമോറിലേക്കെത്തി. രണ്ടുദിവസം ഇവിടെ തങ്ങിയ ശേഷം ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെ ബാൾട്ടിമോറിൽനിന്ന് യാത്രതിരിച്ചെങ്കിലും അമേരിക്കൻ പ്രാദേശികസമയം 1.30-ഓടെ അപകടത്തിൽപ്പെടുകയായിരുന്നു.