
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ഇന്ത്യയിലെ വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ നിർത്തിവെക്കേണ്ടിവരുമെന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകി. ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എന്നീ കമ്പനികളെ പ്രതിനിധീകരിക്കുന്ന എഫ്.ഐ.എ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അടിയന്തര സഹായം അഭ്യർത്ഥിച്ച് കത്തയച്ചു.
ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനത്തോളം ഏവിയേഷൻ ടർബൈൻ ഫ്യൂവൽ എന്ന വിമാന ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ധനവിലയിലുണ്ടാകുന്ന ക്രമാതീതമായ വർദ്ധന സർവീസുകൾ റദ്ദാക്കുന്നതിലേക്കും വിമാനസർവീസുകൾ നിർത്തിവെക്കുന്നതിലേക്കും നയിക്കുന്ന സ്ഥിതിയാണെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തര സാമ്പത്തിക സഹായം വേണമെന്നാണ് കമ്പനികളുടെ പ്രധാന ആവശ്യം. ദീർഘദൂര സർവീസുകളെയാണ് ഇന്ധനവില വർദ്ധനവ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ നടപ്പിലാക്കിയിരുന്നതുപോലെ ആഭ്യന്തര-അന്തർദേശീയ വിമാന സർവീസുകൾക്ക് ഏകീകൃത ഇന്ധനവില നിശ്ചയിക്കുന്ന 'ക്രാക്ക് ബാൻഡ്' സംവിധാനം പുനഃസ്ഥാപിക്കണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
നിലവിൽ അന്താരാഷ്ട്ര സർവീസുകൾക്കുള്ള ഇന്ധനവില ലിറ്ററിന് 73 രൂപയാണ് വർധിച്ചിരിക്കുന്നത്. അതേസമയം, ആഭ്യന്തര സർവീസുകൾക്ക് ഇത് 15 രൂപയായി സർക്കാർ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ധനവിലയിലെ ഈ വലിയ അന്തരത്തോടൊപ്പം ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് കൂടിയായതോടെ വിമാനക്കമ്പനികൾ വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. ഇന്ധനത്തിന് മേൽ ചുമത്തുന്ന 11 ശതമാനം എക്സൈസ് ഡ്യൂട്ടി താല്ക്കാലികമായി ഒഴിവാക്കണമെന്നും കമ്പനികൾ ആവശ്യപ്പെടുന്നു.
ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ യുദ്ധസാഹചര്യമാണ് ഈ പ്രതിസന്ധിയുടെ മൂലകാരണം. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള എണ്ണയും ഗ്യാസും ഏഷ്യൻ രാജ്യങ്ങളിലേക്ക് എത്തുന്നത് ഈ പാതയിലൂടെയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കാരണം ഇവിടെയുണ്ടായ ചരക്ക് നീക്ക തടസ്സം ആഗോള എണ്ണ വ്യാപാരത്തെയാകെ സാരമായി ബാധിച്ചിരിക്കുകയാണ്.
Content Highlights: Indian airlines warn of potential grounding due to surging ATF prices caused by the Middle East crisis.
Published: 28 Apr 2026, 05:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented