ന്യൂഡൽഹി: അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ചെയ്യുന്നതിനായി കരാറിൽ ഒപ്പുവെച്ച് ഇന്ത്യ. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദിപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. എണ്ണക്കമ്പനികളുമായി ചർച്ചനടത്തിയെന്നും പെട്രോളിയം മന്ത്രി അറിയിച്ചു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
2026-ൽ ഒരു വർഷത്തേക്ക് ഏകദേശം 22 ലക്ഷം ടൺ എൽപിജി അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് വിവരം. രാജ്യത്തെ വാർഷിക എൽപിജി ഇറക്കുമതിയുടെ 10 ശതമാനം വരും ഇത്. യുഎസിന്റെ ഗൾഫ് കോസ്റ്റ് വഴിയായിരിക്കും ഇറക്കുമതി. ഇതു സംബന്ധിച്ച് ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവർ അമേരിക്കൻ എണ്ണക്കമ്പനികളുമായി ചർച്ചനടത്തിയതായാണ് വിവരം. ഇന്ത്യൻ വിപണിയിലേക്കുള്ള യുഎസ് എൽപിജിയുടെ ആദ്യത്തെ കരാറാണിതെന്നും സുപ്രധാന മാറ്റങ്ങൾക്ക് ഇതുവഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.
'ചരിത്രത്തിലാദ്യം. സുരക്ഷിതമായും താങ്ങാനാകുന്ന വിലയിലും ഇന്ത്യക്കാർക്ക് എൽപിജി വിതരണം ചെയ്യാനുള്ള ശ്രമമാണ്. ഇതിന്റെ ഭാഗമായാണ് കൂടുതൽ രാജ്യങ്ങളിൽനിന്ന് എൽപിജി വാങ്ങുന്നത്. ഇതൊരു സുപ്രധാന ചുവടുവെപ്പാണ്', ഹർദിപ് സിങ് പുരി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എൽപിജി ഉപഭോക്താവാണ് ഇന്ത്യ. ഇതിൽ 50 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഭൂരിഭാഗവും പശ്ചിമേഷ്യൻ വിപണികളിൽ നിന്നാണ്.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. ഊർജമേഖലയിലെ സഹകരണമായിരുന്നു വ്യാപാരക്കരാറിൽ മുഖ്യമായും അമേരിക്ക ഉയർത്തിയിരുന്ന ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ തീരുമാനമെടുക്കാത്തതിനെത്തുടർന്ന് ഇന്ത്യക്കുമേൽ തീരുവ ഏർപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി. തുടർന്ന്, റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി കുറച്ചിരുന്നു.
Content Highlights: Historic US-India Agreement: Boosting Energy Security with LPG Imports
Published: 17 Nov 2025, 01:10 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented