സിലിൻഡറിലെ ഭൂതം: പാചകാവശ്യങ്ങൾക്കും വാഹനങ്ങളിൽ ഇന്ധനമായും താപോത്പാദനത്തിനും ഊർജോത്പാദനത്തിനുമെല്ലാം ഉപയോഗിക്കുന്ന ഹൈഡ്രോകാർബൺ വാതകങ്ങളുടെ മിശ്രിതമാണ് എൽ.പി.ജി. (LPG - Liquefied Petroleum Gas) അഥവാ ദ്രവീകൃത പെട്രോളിയം വാതകം. പ്രധാനമായും പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നീ ഹൈഡ്രോകാർബണുകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്

To advertise here,

ദ്രവ-ബാഷ്പ സന്തുലിതാവസ്ഥയുടെ പ്രത്യേകതകൾ മനസ്സിലാക്കുന്നതിനുള്ള മികച്ച ഉദാഹരണമാണ് എൽ.പി.ജി. സാധാരണ അന്തരീക്ഷതാപനിലയിൽ മർദം വർധിപ്പിച്ച് എൽ.പി.ജി. ദ്രവരൂപത്തിൽ സൂക്ഷിക്കാം. ശുദ്ധമായ എൽ.പി.ജി.ക്ക് നിറമോ മണമോ ഇല്ല. എന്നാൽ, വാതകച്ചോർച്ച എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി രൂക്ഷഗന്ധമുള്ള മെർകാപ്റ്റനുകൾ പോലുള്ള സൾഫർ സംയുക്തങ്ങൾ ചെറിയ അളവിൽ ഇതിൽ ചേർക്കുന്നു.

ദ്രവ-ബാഷ്പ സന്തുലിതാവസ്ഥ: അടച്ച പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ദ്രാവകത്തിനും അതിന്റെ ബാഷ്പത്തിനുമിടയിൽ സന്തുലിതാവസ്ഥ നിലനിൽക്കും. ഈ അവസ്ഥയിൽ ദ്രാവകത്തിലെ തന്മാത്രകൾ നിരന്തരം ബാഷ്പാവസ്ഥയിലേക്കും ബാഷ്പത്തിലെ തന്മാത്രകൾ തിരികെ ദ്രാവകാവസ്ഥയിലേക്കും മാറിക്കൊണ്ടിരിക്കുന്നു. അതായത്, ഒരു നിശ്ചിതസമയത്തിനുള്ളിൽ ബാഷ്പീകരിക്കുന്ന തന്മാത്രകളുടെ എണ്ണവും ദ്രവീകരിക്കുന്ന തന്മാത്രകളുടെ എണ്ണവും തുല്യമായിരിക്കും. അതുകൊണ്ടുതന്നെ, സന്തുലിതാവസ്ഥയിലുള്ള ബാഷ്പത്തിന്റെ ഒരുഭാഗം നീക്കംചെയ്താൽ കൂടുതൽ ദ്രാവകം ബാഷ്പീകരിച്ച് പുതിയ സന്തുലിതാവസ്ഥ കൈവരിക്കും.

സിലിൻഡറിനുള്ളിലെ രസതന്ത്രം: എൽ.പി.ജി. ഉത്പാദിപ്പിക്കുന്നതിനുള്ള പ്രധാന സ്രോതസ്സുകൾ പ്രകൃതിവാതകസംസ്‌കരണകേന്ദ്രങ്ങളും പെട്രോളിയം ശുദ്ധീകരണശാലകളുമാണ്. ഇവയിൽനിന്ന് ലഭിക്കുന്ന ഹൈഡ്രോകാർബണുകളെ വേർതിരിച്ച് ആവശ്യമായ അനുപാതത്തിൽ മിശ്രിതമാക്കുന്നു. തുടർന്ന് ദ്രവരൂപത്തിൽ സുരക്ഷിതമായി സിലിൻഡറുകളിൽ നിറച്ച് വിതരണം ചെയ്യുന്നു. ഒരു എൽ.പി.ജി. സിലിൻഡറിന്റെ ഉൾവ്യാപ്തം മുഴുവനായും ദ്രാവകംകൊണ്ട് നിറയ്ക്കാറില്ല. താപനില ഉയരുമ്പോൾ ദ്രാവകത്തിന്റെ വ്യാപ്തം വർധിക്കുന്നതിനാൽ അതിനാവശ്യമായ ഒഴിവുസ്ഥലം സിലിൻഡറിനുള്ളിൽ നിലനിർത്തണം.

കാലാവസ്ഥയും എൽ.പി.ജി.യും: എൽ.പി.ജി.യിലെ പ്രൊപ്പെയ്ൻ-ബ്യൂട്ടെയ്ൻ അനുപാതം എല്ലായിടത്തും ഒരുപോലെയല്ല. തണുപ്പേറിയ പ്രദേശങ്ങളിൽ പ്രൊപ്പെയ്ൻ കൂടുതലുള്ള മിശ്രിതങ്ങൾ ഉപയോഗിക്കുന്നത് ഗുണകരമാണ്. കാരണം, കുറഞ്ഞ താപനിലയിലും പ്രൊപ്പെയ്ൻ ആവശ്യമായ ബാഷ്പമർദം നൽകുന്നു.

അതേസമയം, ചൂടേറിയ പ്രദേശങ്ങളിൽ താരതമ്യേന കൂടുതൽ ബ്യൂട്ടെയ്ൻ അടങ്ങിയ മിശ്രിതങ്ങൾ ഉപയോഗിക്കാൻ കഴിയും.

ബാഷ്പമർദം: ദ്രാവകവുമായി സന്തുലിതാവസ്ഥയിൽ നിലനിൽക്കുന്ന ബാഷ്പം ചെലുത്തുന്ന മർദത്തെയാണ് ബാഷ്പമർദം (Vapour Pressure) എന്നുപറയുന്നത്. ബാഷ്പമർദം പ്രധാനമായും താപനിലയെ ആശ്രയിച്ചിരിക്കുന്നു. താപനില വർധിക്കുമ്പോൾ സാധാരണയായി ബാഷ്പമർദവും വർധിക്കുന്നു. ഒരു ശുദ്ധദ്രാവകത്തിന്റെ ബാഷ്പമർദം ബാഹ്യമർദത്തിന് തുല്യമാകുമ്പോഴാണ് ദ്രാവകം തിളയ്ക്കാൻ തുടങ്ങുന്നത്. ഈ താപനിലയാണ് അതിന്റെ തിളനില (Boiling Point). സാധാരണ അന്തരീക്ഷമർദത്തിൽ പ്രൊപ്പെയ്‌ന്റെ തിളനില ഏകദേശം -42.1°Cഉം സാധാരണ ബ്യൂട്ടെയ്‌ന്റെ (n-Butane) തിളനില ഏകദേശം -0.5°Cഉം ആണ്. അതായത്, ബ്യൂട്ടെയ്‌നെ അപേക്ഷിച്ച് പ്രൊപ്പെയ്‌ന്റെ തിളനില വളരെ കുറവാണ്. അന്തരീക്ഷമർദത്തിൽ ബ്യൂട്ടെയ്‌നെ ദ്രവീകരിക്കാൻ താരതമ്യേന കുറഞ്ഞ ശീതീകരണം മതിയാകും. എന്നാൽ, പ്രൊപ്പെയ്‌നെ ദ്രവീകരിക്കാൻ കൂടുതൽ താഴ്ന്ന താപനില ആവശ്യമാണ്.