ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സതാറ ജില്ലയിൽ അദാനി ഗ്രൂപ്പിന്റെ 1,500 മെഗാവാട്ട് ശേഷിയുള്ള പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുതി പദ്ധതിയുടെ ചെലവ് 99 ശതമാനം കുറച്ചതിനെച്ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. കഴിഞ്ഞ വർഷം 5,675 കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിയുടെ തുക ഒറ്റയടിക്ക് 56.75 കോടി രൂപയായി കുറച്ചതിനെ വൻ അഴിമതിയെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, അദാനി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. സതാറ ജില്ലയിലെ 1,500 മെഗാവാട്ട് ജലവൈദ്യുതി പദ്ധതിയുടെ ചെലവാണ് 5,675 കോടി രൂപയിൽ നിന്ന് 56.75 കോടി രൂപയായി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് സത്യവാങ്മൂലത്തിലൂടെ കുറച്ചത്.

To advertise here,

പദ്ധതി ചെലവ് നൂറിലൊന്നായി കുറച്ചതോടെ, വന്യജീവി സങ്കേത സംരക്ഷണത്തിനായി കമ്പനി അടയ്ക്കേണ്ട തുക 227 കോടി രൂപയിൽ നിന്ന് വെറും 2.27 കോടി രൂപയായി കുറയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പദ്ധതി ചെലവ് തെറ്റായി കാണിച്ചതിനെതിരെ ഒക്ടോബർ 30-ന് പ്രധാനമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിലും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പോർട്ടലിലും പരാതി ലഭിച്ചിരുന്നു. തുടർന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നവംബർ 6-ന് മുൻഗണനാടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന വനംവകുപ്പിന് നിർദ്ദേശം നൽകുകയും വനംവകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

'ദി ഇന്ത്യൻ എക്‌സ്പ്രസ്' പ്രസിദ്ധീകരിച്ച റിപ്പോർട്ട് പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് അദാനി ഗ്രൂപ്പിനെതിരെ എക്‌സിൽ ആരോപണം ഉന്നയിച്ചത്. കമ്പനിയുടെ വളർച്ചയെക്കുറിച്ചും പൊതുസ്വത്തുക്കൾ ഏറ്റെടുക്കുന്നതിനെക്കുറിച്ചും സമഗ്രമായ ജെ.പി.സി അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു