ഹൈസ്പീഡ് ഇന്റർനെറ്റിലൂടെ സോഷ്യൽമീഡിയ കണ്ടുവളർന്ന ജെൻസി തലമുറയുടെ വലിയൊരു വിഭാഗവും ഇപ്പോൾ അച്ഛനമ്മയാകാനുള്ള പരുവത്തിലെത്തിയവരാണ്. പ്രത്യുത്പാദനം എന്നത് ദാമ്പത്യജീവിതത്തിന്റെ സുപ്രധാന നാഴികക്കല്ലായി കരുതിയ തലമുറയിൽനിന്ന് കരിയറും സാമ്പത്തിഭദ്രതയും ഉറപ്പാക്കിയശേഷം വേണമെങ്കിൽ മാത്രം കുട്ടി എന്ന ലൈഫ്‌സ്റ്റൈൽ ചോയിസിലാണ് ജെൻസികൾ എന്നുമാത്രം. എന്നാൽ എല്ലാത്തിനും കൃത്യമായ പ്ലാനുള്ള അവർ കുട്ടികളുടെ കാര്യത്തിൽ തെറ്റായ വഴിയേയാണ് നീങ്ങുന്നതെന്ന് വന്ധ്യതാചികിത്സവിദഗ്ധനായ ഡോ. രാജു രാജശേഖരൻ നായർ ചൂണ്ടിക്കാട്ടുന്നു. ജെനെക്സ്റ്റ് ഫെർട്ടിലിറ്റി എന്ന് പേരിട്ടിരിക്കുന്ന ഉദ്യമത്തിലൂടെ ഈ പ്രശ്‌നങ്ങൾക്കുള്ള ഉത്തരവും അദ്ദേഹം തയ്യാറാക്കിവരികയാണ്...

To advertise here,

ക്ഷമയില്ലാത്ത ജെൻസി

placeholder
ഡോ.രാജു നായർ

1997-നും 2012-നും ഇടയ്ക്ക് ജനിച്ച, ജെൻസി എന്ന വിളിപ്പേരുള്ള തലമുറ, ലൈംഗിക സ്വാതന്ത്ര്യത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും ജീവിതത്തിൽ വലിയ പ്രാധാന്യം നൽകുന്നവരാണ്. ജീവിതത്തിൽ മാതൃത്വം-പിതൃത്വം ആവശ്യമുണ്ടോ എന്നുപോലും അവരിൽ നിരവധിപേർ ചിന്തിക്കുന്നു.

എന്തിന് ഞാൻ മാത്രം അനുഭവിക്കണം എന്ന് പെൺകുട്ടികൾ ചിന്തിക്കുന്നു; തലവേദനയായി കാണുന്നു. കല്യാണം കഴിഞ്ഞ കുട്ടികളോട് കുട്ടികളെക്കുറിച്ച് ചോദിക്കാൻ ഭയക്കുന്ന മാതാപിതാക്കൾ കാണാൻ വരുന്നത് പതിവാണെന്ന് ഡോ. രാജു പറയുന്നു.

ദാമ്പത്യത്തിന്റെ തുടക്കത്തിൽ പല കാരണത്താൽ കുട്ടികൾ തത്കാലം വേണ്ടെന്ന് തീരുമാനിക്കുന്നവരാകട്ടെ, പിന്നീട് നാലഞ്ചുവർഷം കഴിഞ്ഞ് അതിനായി ശ്രമിക്കുമ്പോഴാണ് കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് മനസിലാക്കുന്നത്. അപ്പോഴേയ്ക്കും ദാമ്പത്യകാലത്തിന്റെ തുടക്കത്തിലെ അടുപ്പവും ലൈംഗികതാത്പര്യവും കുറഞ്ഞേക്കാം. അണ്ഡങ്ങളുടെ ഗുണമേന്മ കുറയും.

ജെൻസിയിൽ കാണുന്ന മറ്റൊരു പ്രശ്‌നമാണ് അവർക്ക് ക്ഷമ വളരെ കുറവാണെന്നത്. വേഗത്തിലുള്ള ഫലമാണ് അവർക്കുവേണ്ടത്. മൂന്നുംനാലും വർഷം ഗ്യാപ്പ് എടുത്തശേഷം ഏതാനും മാസങ്ങൾ മാത്രം ബന്ധപ്പെട്ടുനോക്കിയശേഷം നേരെ ഐവിഎഫ് പോലുള്ള ചികിത്സയിലേക്ക് അവർ പോകുന്നതായാണ് കാണുന്നത്. സ്വാഭാവിക ഗർഭധാരണത്തിനുള്ള അവസരമുണ്ടോ എന്നുനോക്കാനുള്ള ക്ഷമ അവർ കാട്ടുന്നില്ല. ആവശ്യമുണ്ടോ എന്നുപോലും നോക്കാതെ, വലിയ ചികിത്സകളിലേക്ക് പോകുന്നത് തടയാൻ ജെനെക്സ്റ്റ് പ്രചാരണം ശക്തമാക്കും.

പാഠപുസ്തകം പോൺസൈറ്റ് തന്നെ

സ്വയംഭോഗം ചെയ്യുന്നതും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും പ്രത്യുത്പാദനത്തിനുള്ള അളവുകോലായി പലപ്പോഴും പുതുതലമുറ കാണുന്നു. അത് തെറ്റാണ്. ഗുണമുള്ള അണ്ഡവും ബീജവും ഉണ്ടെന്ന് ഇത് ഉറപ്പുവരുത്തുന്നില്ല.

നമ്മുടെ വിദ്യാഭ്യാസസംവിധാനത്തിലോ, മറ്റുള്ള വിവാഹപൂർവ കൗൺസിലിങ്ങുകളിലോ പ്രത്യുത്പാദനത്തെക്കുറിച്ച് ശാസ്ത്രീയമായ ബോധവത്കരണം നൽകുന്നില്ല. പോൺ സൈറ്റുകളാണ് ഇപ്പോഴും ചെറുപ്പക്കാരുടെ അടിസ്ഥാന പാഠപുസ്തകം.

ജംഗ് ഫുഡ് പതിവായി കഴിക്കുന്നതിലൂടെ എൻഡോമെട്രിയോസിസ് പോലുള്ള പ്രശ്‌നങ്ങൾ പെൺകുട്ടികളിൽ വർധിക്കുന്നതായി കാണപ്പെടുന്നു. പത്തിലൊരു പെൺകുട്ടിക്ക് പിസിഒഡി ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ആൺകുട്ടികളിൽ പുകവലിയും മദ്യപാനവും മറ്റ് രാസലഹരി ഉപയോഗവും ബീജത്തിന്റെ അളവ് കുറയാൻ കാരണമാകുന്നു. ബോഡി ബിൽഡിങ്ങിന്റെ ഭാഗമായി ടെസ്‌റ്റോസ്‌റ്റെറോൺ കുത്തിവെക്കുന്നത് ബീജങ്ങൾ കുറയുന്നതിന് കാരണമാകുമെന്ന് പലർക്കും അറിയില്ല.

വേണം ഫെർട്ടിലിറ്റി പ്ലാനിങ്

സ്വന്തം പ്രത്യുത്പാദന ശേഷി ആദ്യം മനസിലാക്കണം. പല പ്രശ്‌നങ്ങളും നേരത്തേ കണ്ടെത്തിയാൽ എളുപ്പത്തിൽ പരിഹരിക്കാം. അതിനുശേഷം വേണം എത്ര ഗ്യാപ്പ് ഇടാം എന്നുള്ളത് തീരുമാനിക്കാൻ. വിദ്യാഭ്യാസവും കരിയറും പ്ലാൻ ചെയ്യുന്ന പോലെ ഫെർട്ടിലിറ്റി പ്ലാനിങ്ങും വേണമെന്ന് ഡോ. രാജു അഭിപ്രായപ്പെടുന്നു.

ജെൻസിക്ക് ഫെർട്ടിലിറ്റി പ്ലാനിങ് നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നതുൾപ്പെടെ പുതിയ കാലത്തിനുവേണ്ട വന്ധ്യതാ ബോധവത്കണപ്രവർത്തനങ്ങൾ കോർത്തിണക്കിയാണ് ജെനെക്സ്റ്റ് ഫെർട്ടിലിറ്റി എന്ന ആശയം ഡോ. രാജു രാജശേഖരൻ നായർ ആവിഷ്‌കരിച്ചിരിക്കുന്നത്. വന്ധ്യത പ്രതിരോധം എന്ന ലക്ഷത്തിലൂന്നി, എഎംഎച്ച് ടെസ്റ്റ് പോലുള്ള അടിസ്ഥാന പരിശോധനകൾ കുറഞ്ഞ ചെലവിൽ വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കുകയെന്നതും ആർത്തവ ശുചിത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രചാരണപരിപാടികൾ നടത്താനുമുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.