ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ആദ്യഘട്ടത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകള്‍ കയറ്റുമതി ചെയ്യുന്ന പതിമൂന്ന് രാജ്യങ്ങളുടെ പട്ടിക വെള്ളിയാഴ്ച പുറത്തുവിട്ടു. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധമരുന്നായി ഉപയോഗിക്കാമെന്ന നിലയില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്നിന് ആഗോളതലത്തില്‍ ആവശ്യകത ഉയര്‍ന്നതോടെ ഏറ്റവും വലിയ ഉത്പാദരാജ്യങ്ങളിലൊന്നായ ഇന്ത്യയെ നിരവധി രാജ്യങ്ങള്‍ സമീപിച്ചിരുന്നു. 

To advertise here,

48 ലക്ഷം ഗുളികകളാണ് യുഎസ് ആവശ്യപ്പെട്ടതെങ്കിലും 35.82 ലക്ഷം ഗുളികകളാണ് ഇന്ത്യ അനുവദിച്ചിരിക്കുന്നത്. കൂടാതെ മരുന്ന് നിര്‍മിക്കുന്നതിനാവശ്യമായ ഒമ്പത് ടണ്‍ രാസവസ്തുക്കളും(ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്-API) യുഎസിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. 

യുഎസ്, സ്‌പെയിന്‍, ജര്‍മനി, ബഹ്‌റൈന്‍, ബ്രസീല്‍, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, സീഷെല്‍സ്, മൗറിഷ്യസ്, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ആദ്യഘട്ടത്തില്‍ ഹൈഡ്രോക്ലോറോക്വിന്‍ കയറ്റി അയക്കുന്നത്.ഏകദേശം 140 ലക്ഷം(14 മില്യണ്‍ ടണ്‍) ഗുളികകളും 13.5 ടണ്‍(12,250 കി.ഗ്രാം)എപിഐയും ആദ്യഘട്ടത്തില്‍ കയറ്റുമതി ചെയ്യും. 

50 ലക്ഷം ഗുളികകളാണ് ബ്രസീല്‍, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ലഭിക്കുക. 0.53 ടണ്‍(ഏകദേശം 480 കി.ഗ്രാം)എപിഐ ബ്രസീലിന് ലഭ്യമാക്കും. ജര്‍മനിയ്ക്ക് 50 ലക്ഷം ഗുളികകള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ 1.5 ടണ്‍(1360 കി.ഗ്രാം)എപിഐ ആണ് ലഭ്യമാക്കുന്നത്. ബംഗ്ലാദേശിന് 20 ലക്ഷം, നേപ്പാളിന് 10 ലക്ഷം, ഭൂട്ടാന് രണ്ട് ലക്ഷം ശ്രീലങ്കയ്ക്ക് 10 ലക്ഷം എന്നിങ്ങനെ അടുത്ത ഘട്ടത്തില്‍ കയറ്റുമതി ചെയ്യും. 

കോവിഡ്-19 ഏറ്റവും ഗുരുതരമായി ബാധിച്ച യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി ഹൈഡ്രോക്ലോറോക്വിന്‍ ഗുളികകള്‍ വിട്ടുനല്‍കണമെന്ന് ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നു. കയറ്റുമതിയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി എടുത്തുമാറ്റിയതില്‍ യുഎസ് പ്രസിഡന്റ് നന്ദി അറിയിച്ചിരുന്നു.  ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നന്ദിഅറിയിച്ചു.