ന്യൂഡൽഹി: ഇന്ത്യയുടെ ഗൈഡഡ് പിനാക ആയുധസംവിധാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയകരം. ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ഉന്നംവെക്കുന്ന സമയത്തെ ആയുധസംവിധാനത്തിന്റെ പരിധി, കൃത്യത, സ്ഥിരത തുടങ്ങിയവ പരിശോധിക്കുന്നതിനു വേണ്ടിയായിരുന്നു പരീക്ഷണം.  മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചതാണിത്. 

To advertise here,

പ്രതിരോധഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒ. ആണ് പരീക്ഷണം നടത്തിയത്. വിവിധ ഫീൽഡ് ഫയറിങ് റേഞ്ചുകളിൽ മൂന്ന് ഘട്ടങ്ങളായിട്ടായിരുന്നു പരീക്ഷണം. രണ്ട് ഇന്‍-സര്‍വീസ് പിനാക ലോഞ്ചറുകളില്‍ ഓരോന്നില്‍നിന്നും 12 റോക്കറ്റുകളുടെ പരീക്ഷണമാണ് ഡി.ആർ.ഡി.ഒ വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കിയത്.

പരീക്ഷണ വിജയത്തിൽ ഡി.ആർ.ഡി.ഒ.യെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രശംസിച്ചു. റോക്കറ്റ് സംവിധാനം ഇന്ത്യൻ സേനയിലേക്ക് സംയോജിപ്പിക്കുന്നതിന് മുൻപുള്ള എല്ലാ പരീക്ഷണങ്ങളും ഇതോടെ പൂർത്തിയായതായി ഡി.ആർ.ഡി.ഒ. അറിയിച്ചു.

അമേരിക്കയുടെ ഹിമാർസ്(HIMARS) സംവിധാനത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന സംവിധാനമാണ് ഇന്ത്യയുടെ പിനാക. സംഘർഷബാധിത പ്രദേശമായ അർമേനിയയിൽ നിന്നാണ് പിനാകയ്ക്ക്‌ ആദ്യ ഓർഡർ ലഭിച്ചത്. ഇപ്പോൾ, ഫ്രാൻസും തങ്ങളുടെ സൈനികശക്തി വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി നൂതന റോക്കറ്റ് സംവിധാനത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്രാൻസുമായി ചർച്ചകൾ പുരോ​ഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. അടുത്ത ആഴ്ചകളിൽ പിനാക പരീക്ഷിക്കാൻ ഫ്രാൻസ് തീരുമാനിച്ചതായും സൂചനകളുണ്ട്. 

റഷ്യന്‍ ഗ്രാഡ് ബിഎം-21 റോക്കറ്റ് ലോഞ്ചറിന് പകരമായാണ് ഇന്ത്യൻ സേനയിൽ പിനാക സംവിധാനം വിന്യസിച്ചത്. 1999-ലെ കാർ​ഗിൽ യുദ്ധകാലത്തായിരുന്നു ആദ്യവിന്യാസം. യുദ്ധത്തിനിടെ, ഉയർന്ന പ്രദേശത്തുള്ള പാക് പൊസിഷനുകൾ തകർക്കുന്നതിൽ പിനാക വഹിച്ച പങ്ക് ഏറെ പ്രധാനമാണ്.