ന്യൂഡൽഹി: ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് വഴിതുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടുള്ള സസ്‌റ്റെയിനബിൾ ഹാർനസിങ്‌ ആൻഡ്‌ അഡ്വാൻസ്‌മെന്റ്‌ ഓഫ്‌ ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോർമിങ്‌ ഇന്ത്യ (SHANTI) ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. അറ്റോമിക് എനർജി ആക്റ്റ് 1962, സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്റ്റ് 2010 ബില്ലുകൾക്ക് പകരമാണ് ശാന്തി ബിൽ.

To advertise here,

ആണവ നിലയങ്ങളും റിയാക്ടറുകളും നിർമ്മിക്കാൻ ഇന്ത്യൻ സ്വകാര്യ കമ്പനികൾക്ക് ലൈസൻസിനായി അപേക്ഷിക്കാൻ അനുമതി നൽകുന്നു എന്നതാണ് ബില്ലിലെ പ്രധാന മാറ്റം. ഇതുവരെ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ പോലുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു ഈ അനുമതി. ആണവ നാശനഷ്ടങ്ങൾക്ക് പ്രായോഗികമായ ഒരു സിവിൽ ബാധ്യത സംവിധാനം ഉണ്ടാക്കുന്നതിനും ആണവോർജ റെഗുലേറ്ററി ബോർഡിന് നിയമപരമായ പദവി നൽകാനും ബിൽ ലക്ഷ്യമിടുന്നതായി  കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

ആണവദുരന്തങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ ബാധ്യത, പ്ലാൻ്റ് ഓപ്പറേറ്റർമാരിൽ പരിമിതപ്പെടുത്തുകയും ഉപകരണ വിതരണക്കാരെ അതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതാണ് ബില്ലിലെ മറ്റൊരു സുപ്രധാന മാറ്റം. പരമാവധി ബാധ്യത അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് 300 ദശലക്ഷം സ്പെഷ്യൽ ഡ്രോയിങ് റൈറ്റ്സിന് തുല്യമായ രൂപയിലേക്ക് പരിമിതപ്പെടുത്തുന്നു. റിയാക്ടറിൻ്റെ വലുപ്പമനുസരിച്ച് ഏകദേശം 11 ദശലക്ഷം മുതൽ 330 ദശലക്ഷം ഡോളർ വരെ ഇൻഷുറൻസോ ബാധ്യത ഫണ്ടുകളോ ഓപ്പറേറ്റർമാർ നിലനിർത്തേണ്ടി വരും. അധികമായുള്ള ക്ലെയിമുകൾക്കായി ഒരു പ്രത്യേക ആണവ ബാധ്യത ഫണ്ട് നിലവിലുണ്ടാകും. കൂടാതെ നാശനഷ്ടങ്ങൾ പരിധിവിട്ടാൽ സർക്കാർ ഇടപെടും.

നിർമ്മാണത്തിലിരിക്കുന്ന ആണവ കേന്ദ്രത്തിനുണ്ടാവുന്ന കേടുപാടുകൾ, അതേ സ്ഥലത്തെ മറ്റ് കേന്ദ്രങ്ങൾക്കോ ബന്ധപ്പെട്ട വസ്തുവകകൾക്കോ ഉണ്ടാവുന്ന നാശനഷ്ടങ്ങൾ, സംഭവസമയത്ത് ആണവ വസ്തുക്കൾ വഹിച്ചുകൊണ്ടിരുന്ന ഗതാഗത മാർഗ്ഗത്തിനുണ്ടാവുന്ന നാശനഷ്ടങ്ങൾ എന്നിവയ്ക്ക് ഓപ്പറേറ്റർമാർ ബാധ്യസ്ഥരായിരിക്കില്ല.

തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഒരു അറ്റോമിക് എനർജി റിഡ്രസൽ അഡ്വൈസറി കൗൺസിൽ രൂപീകരിക്കാനും ബിൽ നിർദ്ദേശിക്കുന്നു. ചെറിയ നിയമലംഘനങ്ങൾക്ക് 5 ലക്ഷം രൂപ മുതൽ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് 1 കോടി രൂപ വരെ പിഴ ഈടാക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ഓപ്പറേറ്റർമാർക്കും സർക്കാർ ലൈസൻസുകളും എഇആർബിയിൽ നിന്നുള്ള സുരക്ഷാ ക്ലിയറൻസുകളും ആവശ്യമാണ്. വിദേശ നിയന്ത്രിത സ്ഥാപനങ്ങളെ ലൈസൻസ് എടുക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.