ന്യൂഡൽഹി: രാജ്യത്ത് ചില മേഖലകൾ നേരിടുന്ന ഊർജക്ഷാമം പരിഹരിക്കുന്നതിനായി സമഗ്രതന്ത്രം ആരംഭിച്ച് കേന്ദ്രസർക്കാർ. രാജ്യത്തുടനീളം റെക്കോഡ് അളവിൽ കൽക്കരി ലഭ്യതയുണ്ടെന്നും ഈ സമയത്ത് ആ ശേഖരം ഉപയോഗപ്പെടുത്താമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഏകദേശം 21 കോടി ടൺ കൽക്കരി ശേഖരം ഇന്ത്യയിൽ നിലവിലുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ പറയുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. വിതരണശൃംഖലയിലെ വിവിധ സ്ഥലങ്ങളിലായി ഇത് ലഭ്യമാണ്.
പൊതുമേഖലാ കൽക്കരി കമ്പനികളുടെ ഖനികളിൽ 12 കോടി ടൺ, വാണിജ്യ ഖനികളിൽ 1.5 കോടി ടൺ, വൈദ്യുതി നിലയങ്ങളിൽ 5.4 കോടി ടൺ, ഗതാഗതത്തിൽ 1.4 കോടി ടൺ എന്നിങ്ങനെയാണ് ഈ ശേഖരം ഉൾക്കൊള്ളുന്നത്. അത്യാവശ്യ പ്രവർത്തനങ്ങൾക്ക് ഇന്ധനലഭ്യത സുഗമമായി ലഭ്യമാക്കുന്നതിനായി, സർക്കാർ വിദ്യാർഥി ഹോസ്റ്റലുകളിലെ പാചക ആവശ്യങ്ങൾക്കും, ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും അവരുടെ അടുക്കള പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ കൽക്കരി വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ കൽക്കരി മന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുണ്ട്.
മറ്റ് വ്യവസായങ്ങൾക്ക് അധിക കൽക്കരി ലഭ്യത ആവശ്യമുണ്ടെങ്കിൽ, വിവിധ മേഖലകളിലെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ പെട്രോളിയം മന്ത്രാലയവുമായി ചേർന്ന് ഇത് ക്രമീകരിക്കും എന്ന് അധികൃതർ പറഞ്ഞു. നിലവിലെ വെല്ലുവിളികൾ ലഘൂകരിക്കാനും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാനും സംസ്ഥാന സർക്കാരുകൾക്കും വിവിധ വ്യവസായങ്ങൾക്കും കൽക്കരി വിതരണം നിയന്ത്രിക്കുന്ന നിലവിലുള്ള മാനദണ്ഡങ്ങളും ലഘൂകരിക്കുന്നുണ്ട്. ഈ നടപടികൾ ഊർജവിതരണം സുസ്ഥിരമാക്കുന്നതിനും അത്യാവശ്യ സേവനങ്ങൾക്കും സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഉണ്ടാകുന്ന തടസ്സങ്ങൾ കുറയ്ക്കുന്നതിനും വേണ്ടിയുള്ളതാണ്.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്നതിനിടയിലാണ് ഈ നീക്കം. ഇത് അന്താരാഷ്ട്രഎണ്ണ- ഊർജവിപണികളിൽ അസ്ഥിരത സൃഷ്ടിക്കുകയും പ്രധാന വിതരണ പാതകൾക്ക് തടസ്സമുണ്ടാകുമെന്ന ഭയം വർദ്ധിപ്പിക്കുകയും ചെയ്തു. നിലവിലെ സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിച്ചു വരികയാണെന്നും, ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ഏതെങ്കിലും തരത്തിലുള്ള പ്രതികൂല ഫലങ്ങളിൽ നിന്ന് സംരക്ഷിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
Content Highlights: Record-breaking 210 million tonnes of coal stock available., Strategic distribution to hotels, hostels, and commercial sectors., Streamlining supply chain norms to prevent energy disruptions., Proactive measures amid global energy market volatility.
Published: 11 Mar 2026, 05:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented