ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിനിടെ ഇന്ത്യൻ പോർവിമാനം തകർന്നുവീണതായും അത് സംഭവിക്കാനിടയായ സാഹചര്യം സംബന്ധിച്ചാണ് സംസാരിക്കേണ്ടതെന്നും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ. നാല് ദിവസം നീണ്ട സംഘർഷം ഒരിക്കൽ പോലും ആണവയുദ്ധത്തിന്റെ വക്കിൽ എത്തിയിട്ടില്ലെന്നും സിങ്കപ്പൂരിൽ ബ്ലൂംബെർഗ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പോർവിമാനം വീണതിനെക്കുറിച്ചല്ല, അത് എന്തുകൊണ്ട് വീണു എന്നതിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്. എണ്ണത്തിലല്ല കാര്യം. സംഘർഷത്തിൽ ആറ് ഇന്ത്യൻ പോർവിമാനങ്ങൾ തകർന്നെന്ന പാകിസ്താന്‍റെ വാദം തീർത്തും തെറ്റാണെന്നും അനിൽ ചൗഹാൻ പറഞ്ഞു. ഇന്ത്യയുടെ എത്ര വിമാനങ്ങൾ തകർന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇന്ത്യ-പാക് സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് സേനയ്ക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.
ഏറ്റവും നല്ലകാര്യം എന്താണെന്ന് വെച്ചാൽ, തന്ത്രപരമായ തെറ്റുകൾ മനസ്സിലാക്കാനും അതിന് ഉചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങൾക്ക് സാധിച്ചു എന്നതാണ്. മാത്രമല്ല, രണ്ട് ദിവസത്തിനുശേഷം ദീർഘദൂരം ലക്ഷ്യമിട്ട് എല്ലാ ജെറ്റുകളും വീണ്ടും പറത്താൻ സാധിച്ചു, സൈനിക മേധാവി പറഞ്ഞു.
ഇന്ത്യയുടെ ആറ് വിമാനങ്ങൾ തങ്ങൾ തകർത്തുവെന്നായിരുന്നു പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വാദം. എന്നാൽ, ഇത് സംയുക്ത സൈനിക മേധാവി തള്ളിക്കളഞ്ഞു. ഇന്ത്യൻ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടോ എന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നതിൽനിന്ന് കേന്ദ്രസർക്കാർ വിട്ടുനിന്നിരുന്നു. എന്നാൽ, ഇപ്പോൾ ഔദ്യോഗികമായി ഇക്കാര്യം വിശദീകരിച്ചിരിക്കുകയാണ് സംയുക്ത സൈനിക മേധാവി.
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇടപെടലാണ് ആണവയുദ്ധം ഒഴിവാകാൻ കാരണമെന്ന വാദം അനിൽ ചൗഹാൻ തള്ളിക്കളഞ്ഞു. ഇരുരാജ്യങ്ങളും ആണവയുദ്ധത്തിൽനിന്ന് ഏറെ അകലെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആണവായുധങ്ങളുള്ള രണ്ട് അയൽരാജ്യങ്ങൾ തമ്മിൽ അരനൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും മോശമായ ഏറ്റമുട്ടലായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിൽനിന്നും മറ്റുരാജ്യങ്ങളിൽനിന്നും പാകിസ്താൻ വിന്യസിച്ച ആയുധങ്ങൾ ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാമിൽ 26 സാധാരണ ജനങ്ങളെ കൊന്നൊടുക്കിയ ഭീകരാക്രമണത്തിന് ശേഷം ശക്തമായ തിരിച്ചടിയായിരുന്നു ഇന്ത്യ പാകിസ്താന് നൽകിയത്. ഭീകരവാദികളുടെ കേന്ദ്രങ്ങളിൽ ചെന്ന് ഇന്ത്യൻ സേന ആക്രമിച്ചു. നിരവധി ഭീകരർ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചിരുന്നു.
Content Highlights: India`s Chief of Defence Staff confirms Indian aircraft loss during the India-Pakistan conflict
Published: 31 May 2025, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented