ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി രാജിപ്ര്യാപിച്ച് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ച ജഗദീപ് ധന്‍കറിന് പകരം ആരാകുമെന്ന ചര്‍ച്ചകള്‍ മുറുകുന്നു. ഇത്തവണ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് എന്‍ഡിഎ പദ്ധതിയിടുന്നതെന്നും സൂചനകളുണ്ട്. കേന്ദ്രകൃഷിവകുപ്പ് സഹമന്ത്രിയും എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു നേതാവുമായ രാം നാഥ് താക്കൂറിന്റെ പേരും സാധ്യതയായി പറഞ്ഞുകേള്‍ക്കുന്നു.
ഭാരതരത്ന പുരസ്കാരം നല്കി രാജ്യം ആദരിച്ച മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പൂരി താക്കൂറിന്റെ മകനാണ് രാം നാഥ് താക്കൂര്‍. ബിഹാറിലെ അതി പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആളാണ് രാം നാഥ് താക്കൂര്‍. ഇദ്ദേഹത്തെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ അത് ബിഹാറില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍ഡിഎയ്ക്ക് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറുന്ന ജെപി നഡ്ഡയുടെ പേരും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇതിനൊപ്പം ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുന്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, നിലവിലെ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്‍ശ് നാരായണ്‍ സിങ്. എന്നീ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ഇതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ലോകസഭയിലും രാജ്യസഭയിലുമായി 422 എംപിമാരാണ് എന്‍ഡിഎയ്ക്കുള്ളത്. അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ ആകെ 394 വോട്ടുകള്‍ മതിയാകും. നിലവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വിജയിപ്പിക്കാന്‍ ഭരണകക്ഷിക്ക് അധികം വിയര്‍ക്കേണ്ടി വരില്ല.
ജൂലൈ 26ന് ആരാകും സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ എന്‍ഡിഎ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നാണ് വിവരം. പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന ഉപരാഷ്ട്രപതിക്ക് ഇടയ്ക്ക് രാജിവയ്ക്കേണ്ടി വന്നില്ലെങ്കില്‍ അഞ്ചുകൊല്ലം തുടര്‍ച്ചയായി തുടരാം. ഭരണഘടനാ അനുഛേദം 67 പ്രകാരം ഉപരാഷ്ട്രപതിയെ അഞ്ചുകൊല്ലത്തേക്കാണ് തിരഞ്ഞെടുക്കുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ഒരാള്‍ രാജിവയ്ക്കുകയോ കാലാവധി പൂര്‍ത്തിയാക്കാതിരിക്കുകയോ ചെയ്താല്‍ പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന ആള് മിച്ചമുള്ള കാലയളവിലല്ല ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുക. പൂര്‍ണമായ അഞ്ച് വര്‍ഷത്തേക്കാണ്.
അനുഛേദം 68 പ്രകാരം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഒഴിവു വരുന്ന സാഹചര്യമുണ്ടായാല്‍ എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തി ആ സ്ഥാനത്തേക്ക് ഒരാളെ നിയമിക്കണം. 32 ദിവസം നീളുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനായുള്ളത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ച് 32 ാമത്തെ ദിവസം ഫലപ്രഖ്യാപനം നടക്കും. ലോക്സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട എംപിമാരാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനായി വോട്ടുചെയ്യുക.
Content Highlights: India`s Next Vice President: Top Contenders
Published: 23 Jul 2025, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented